വടക്കാഞ്ചേരി അപകടം; ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കും
തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങി. ലീസ് എഗ്രിമെന്റ് നിയമപരമാണോ എന്നറിയാൻ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ബസ് ഉടമ അരുണിനെ ആർ ടി ഒ വിളിച്ചുവരുത്തും. അപകടത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ ഡയറക്ടർക്കാണ് ചുമതലയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ മുൻകരുതലുകൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോൺട്രാക്ട് ഗാരേജ് വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാണ്. അപകടത്തിൽപ്പെട്ട ബസ് സഞ്ചരിച്ചത് 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു, മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് ഇത് രേഖപ്പെടുത്തിയത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര-കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിൽ ടൂറിസ്റ്റ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. 41 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം. സംഘം ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു. കെ എസ് ആർ ടി സി ബസിൽ ഇടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിഞ്ഞു. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. വാളയാർ വടക്കാഞ്ചേരി ഭാഗത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.