വടക്കാഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവറെ കാണാനില്ല
പാലക്കാട്: വടക്കാഞ്ചേരിയില്‍ ഒമ്പത് പേരുടെ ദാരുണ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയതായി ആരോപണം. ലൂമിനസ് ബസിലെ ഡ്രൈവര്‍ ജോമോനെ നിലവില്‍ പോലീസിന് കസ്റ്റഡിയിലെടുക്കാനായിട്ടില്ല. വടക്കാഞ്ചേരി ഇ കെ നായനാര്‍ ആശുപത്രിയിലെത്തിയ ഡ്രൈവര്‍ ജോമോന്‍, ജോജോ പത്രോസ് എന്ന പേരിലാണ് ചികിത്സ തേടിയത്. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം ഇയാള്‍ ആശുപത്രിയില്‍ നിന്ന് പോയെന്നാണ് പറയുന്നത്. പരിക്കേറ്റ ഇയാളെ പുലര്‍ച്ചെ മൂന്നരയോടെ പോലീസുകാരാണ് ഇവിടെ കൊണ്ടുവന്നത്. കാര്യമായി പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയില്‍ തൊലിയുരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എക്‌സ് റേ എടുത്ത് പരിശോധിച്ചിരുന്നു. പൊട്ടലോ ചതവോ ഉണ്ടായിട്ടില്ല. പ്രാഥമിക ചികിത്സക്ക് ശേഷം ബസിന്റെ ഉടമസ്ഥരാണെന്ന് കരുതുന്നവര്‍ക്കൊപ്പമാണ് ഇയാള്‍ പോയതെന്നാണ് സംശയിക്കുന്നതെന്ന് ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരും പറഞ്ഞു. "ഡ്രൈവറാണോ അധ്യാപകനാണോ എന്ന് അയാള്‍ എന്റടുത്ത് ആദ്യം പറഞ്ഞിരുന്നില്ല. സിസ്റ്റര്‍മാര്‍ ചോദിച്ചപ്പോള്‍ അധ്യാപകനാണെന്നാണ് പറഞ്ഞത്. കൂറേ ചോദിച്ചു, ചോദിച്ചു വന്നപ്പോഴാണ് ഞാന്‍ ഡ്രൈവറാണെന്ന് പറഞ്ഞത്. അഡ്മിറ്റ് ചെയ്തിരുന്നില്ല." ജോമോനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.