നിത്യേന വാൽനട്ട് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ പ്രതിരോധിക്കുമെന്ന് പുതിയ പഠനം

നിത്യഭക്ഷണത്തിൽ വാൽനട്ട് ഉൾപ്പെടുത്തുന്നത് മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അഥവാ എൽ ഡി എൽ എന്ന് മെഡിക്കൽ ലോകത്ത് അറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നത് കൂടാതെ എൽ ഡി എൽ ഘടകങ്ങളുടെ ഗുണമേന്മ കൂട്ടാനും വാൽനട്ടിൻ്റെ ഉപയോഗം കാരണമാകുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ദിവസവും അരക്കപ്പ് വാൽനട്ട് നൽകി പ്രായമായവരിൽ രണ്ടു വർഷത്തോളം നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് വെളിച്ചം വീശിയത്.

ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയെ ചെറുക്കുന്നതിൽ നട്സ് ഇനങ്ങൾ പൊതുവെ ഗുണകരമാണെന്ന് നേരത്തേയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വാൽനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അപൂർവമായ നിരവധി ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറ കൂടിയാണ് വാൽനട്ട്.

നട്സിലെ സവിശേഷ മൂലകങ്ങൾക്ക് ചീത്ത കൊളസ്ട്രോളിനെ പ്രതിരോധിക്കാനുള്ള കഴിവ് നേരത്തേയുള്ള പഠനങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു. വാൽനട്ടിൻ്റെ ഉപയോഗത്തിലൂടെ എൽ ഡി എൽ ഘടകങ്ങളുടെ മികവ് കൂടി വർധിക്കുന്നതായാണ് പുതിയ കണ്ടെത്തൽ.

പുതിയ കണ്ടെത്തൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയിൽ സുപ്രധാനമാണെന്ന് സ്പെയിനിലെ ബാഴ്സലോണ ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ന്യൂട്രീഷ്യൻ ലിപ്പിഡ് ക്ലിനിക് ഡയറക്റ്ററും ഗവേഷണ സംഘാംഗവുമായ ഡോക്ടർ എമിലിയോ റോസ് അഭിപ്രായപ്പെട്ടു.

Related Posts