വഖഫ് സംരക്ഷണം: യൂത്ത് ലീഗ് വിളംബര ജാഥ നടത്തി
വാടാനപ്പള്ളി: വഖഫ് ബോർഡ് നിയമനം പി എസ്സി ക്ക് വിടുന്ന നിയമ നിർമാണം പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി വാടാനപ്പള്ളിയിൽ വിളംബര ജാഥ നടത്തി. ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച ജാഥ വാടാനപ്പള്ളി സെന്ററിൽ സമാപിച്ചു. സമാപന യോഗം ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വഖഫ് ആക്ടിനു വിരുദ്ധമാണ് സർക്കാരിന്റെ നിയമ നിർമാണമെന്ന് സനൗഫൽ പറഞ്ഞു. ഏതെങ്കിലും ഒരു മതവിഭാഗത്തിൽപെട്ടവർക്കായി ഭരണഘടനാ സ്ഥാപനമായ പി എസ്സി ക്ക് നിയമനം നടത്താൻ സാധ്യമല്ല. ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ചാൽ സച്ചാർ സ്‌കോളർഷിപ്പിന്റെ ജനസംഖ്യാനുപാതികം എന്ന വിധിക്ക് സമാനമായ അവസ്ഥ വഖഫ് ബോർഡ് നിയമനത്തിലും ബാധകമാകും. പള്ളികൾ, അനാഥാലയങ്ങൾ തുടങ്ങിയ വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യേണ്ടത് വിശ്വാസികളാണെന്നും തീരുമാനം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് വി എം മുഹമ്മദ് സമാൻ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ എ ഷജീർ, മണ്ഡലം വൈസ് പ്രസിഡണ്ട് പി കെ അഹമ്മദ്, കെ.എസ് ഹുസ്സൻ, പി.എസ് ഷറഫുദ്ധീൻ, എ സി അബ്ദുറഹ്മാൻ, വി കെ മുഹമ്മദ്, വി എ നിസാർ, അറക്കൽ അൻസാരി കെ എം ദിൽഷാദ് എന്നിവർ പ്രസംഗിച്ചു. അക്ബർ വാടാനപ്പള്ളി, എ എം നിയാസ്, എം എച്ച് ഖാലിദ്, എ എസ് മനാഫ്, എ എം സുഹൈൽ, കെ എ മുഹമ്മദ്, വി എസ് ജാഫർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.