ഇടവിട്ടുള്ള വേനല്‍മഴ; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത; എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊതുക് വര്‍ധിക്കാനുള്ള സാഹചര്യമായതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു.

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം.

തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ശരീരഭാഗങ്ങളില്‍ നിന്നും രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക, തളര്‍ച്ച, രക്തസമ്മര്‍ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ സൂചനകളാണ്. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിൽ ചികിത്സതേടാൻ മടിക്കരുതെന്നും നിർദേശമുണ്ട്.

പനി മാറിയാലും കുറച്ച് ദിവസം കൂടി സമ്പൂര്‍ണ വിശ്രമം തുടരുക. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയ പാനീയങ്ങള്‍ ധാരാളം കുടിക്കുക. ഡെങ്കിപ്പനി ബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുക് വലയ്ക്കുള്ളില്‍ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലാണ്.

Related Posts