മാലിന്യ സംസ്കരണ പഠനം : വിദ്യാര്‍ത്ഥികള്‍ ഗ്രീന്‍ പാര്‍ക്കിലെത്തി

മാലിന്യ ശേഖരണം, സംസ്കരണം എന്നിവയെപ്പറ്റി അറിയാനും അവ പാഠ്യപദ്ധതിയില്‍ ഉപയോഗപ്പെടുത്തുന്നതിനുമായി ചൊവ്വന്നൂര്‍ ബി ആര്‍ സിക്കു കീഴിലെ സ്കൂളുകളിലെ 80 ഓളം കുട്ടികള്‍ കുന്നംകുളം നഗരസഭ കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്കിലെത്തി. 8, 9 ക്ലാസ്സുകളിലെ കുട്ടികളാണ് പഠനത്തിന്റെ ഭാഗമായി ഗ്രീന്‍ പാര്‍ക്കിലെത്തിയത്.
നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ കുട്ടികളെ സ്വീകരിച്ചു. തുടര്‍ന്ന് ഗ്രീന്‍ പാര്‍ക്കിലെ മാലിന്യ സംസ്കരണത്തെ പറ്റിയും ചകിരി സംസ്കരണത്തെ പറ്റിയുമെല്ലാം ചെയര്‍പേഴ്സണ്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. കുട്ടികള്‍ പ്രതിമാസ വിവരശേഖരണത്തിന്റെ ഭാഗമായി എത്തിയത്. ഗ്രീന്‍പാര്‍ക്കിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരു മണിക്കൂറോളം കുട്ടികള്‍ ചെലവഴിച്ചു. ഹരിത കര്‍മ്മസേനാംഗങ്ങള്‍, മറ്റ് ജീവനക്കാര്‍ എന്നിവരുമായും കുട്ടികള്‍ വിവര ശേഖരണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, പി കെ ഷെബീര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി മനോജ് കുമാര്‍, ബി ആര്‍ സി ട്രെയിനര്‍ സി സി ഷെറി, ബി പി ഒ ബിന്ദു, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.