സംസ്ഥാനത്ത് റോഡപകടമൊഴിവാക്കാന്‍ വഴിയൊരുങ്ങുന്നു
ദേശീയ, സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളായ 323 ഇടനാഴികളെ അപകടരഹിതമാക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടങ്ങളിലേക്ക് നയിക്കുന്ന റോഡിലെ അപാകതകൾ കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റോഡ് സുരക്ഷാ ഓഡിറ്റ് നടത്തും. സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി ഇത് സംബന്ധിച്ച് കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാഹന അപകടങ്ങൾ ആവർത്തിക്കുന്ന ബ്ലാക് സ്‌പോട്ടുകള്‍ ഉൾപ്പെടെ രണ്ട് മുതൽ 10 കിലോമീറ്റർ വരെ നീളമുള്ള പ്രദേശങ്ങൾ ഇടനാഴികളായി തിരിച്ചിരിക്കുന്നു. ഇവ പരിശോധിച്ച് അപകടകാരണം കണ്ടെത്തി പരിഹരിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായ അപകടങ്ങളുടെ എണ്ണം കണക്കിലെടുത്താണ് അപകട മേഖലകൾ തിരിച്ചറിഞ്ഞത്. നിലവിലെ റോഡുകളില്‍കൂടി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ശേഷമുണ്ടായിട്ടുള്ള പലവിധ മാറ്റങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണത്തിന് റോഡ് രൂപകല്പന ചെയ്യുന്ന സമയത്തെ അപ്രധാനമായ കവല പിന്നീട് വ്യാപാരമേഖലയായി മാറിയിട്ടുണ്ടാകും.