'തുല്യരാണ് നമ്മൾ' ആർത്തവകാല ആരോഗ്യം : സാമൂഹിക ഉത്തരവാദിത്തം - ബഹുജന കാമ്പയിന്റെ സംഘാടകസമിതിയായി
തൃശ്ശൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാപഞ്ചായത്ത്, കുടുംബശ്രീ മിഷൻ, ശുചിത്വ മിഷൻ, ആരോഗ്യ കേരളം, ഹരിതകേരളമിഷൻ, വനിതാ ശിശുവികസന വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെയും വിവിധ രാഷ്ട്രീയ, സന്നദ്ധ , യുവജന സംഘടനകളുടെയും സഹകരണത്തോടെ ജില്ലയിൽ സംഘടിപ്പിക്കുന്ന 'ആർത്തവകാല ആരോഗ്യം : സാമൂഹിക ഉത്തരവാദിത്തം' എന്ന ബഹുജന കാമ്പയിന്റെ സംഘാടകസമിതി രൂപീകരിച്ചു.
സ്ത്രീകളിലെ ആർത്തവം എന്ന സ്വാഭാവിക ജൈവിക പ്രക്രിയയെക്കുറിച്ചുള്ള അബദ്ധധാരണകൾ തിരുത്തുകയും പൊതു സമൂഹത്തിന്റെ അതിനോടുള്ള വിപരീത മനോഭാവം ഇല്ലാതാക്കുകയും ശാസ്ത്രീയമായ ബോധവൽക്കരണം നടത്തുകയും ചെയ്യുക , ശുചിമുറികളും സൗകര്യങ്ങളും ആവശ്യാനുസരണം ലഭ്യമാക്കുകയും കുറ്റമറ്റതാക്കുകയും ചെയ്യുക , സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുകയും നാപ്കിൻ നശിപ്പിക്കാനുള്ള ഇൻസിനറേറ്ററുകൾ സ്ഥാപിക്കുകയും കേടായവ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുക, ട്രാൻസ്ജെൻഡർ മനുഷ്യർക്ക് പ്രത്യേകം ശുചിമുറികൾ ഏർപ്പെടുത്തുക, സ്കൂൾ ഉൾപ്പെടെയുള്ള ബഹുനിലകെട്ടിടങ്ങളിൽ ഓരോ നിലയിലും വേണ്ടത്ര വെള്ളമുള്ള വൃത്തിയുള്ള ശുചിമുറികൾ ആവശ്യാനുസരണം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും സ്കൂൾ ഇടവേളസമയം ദീർഘിപ്പിക്കുകയും ചെയ്യുക തുടങ്ങിയവ സാമൂഹിക ഉത്തരവാദിത്തമായി കണ്ട് സാമൂഹിക ഇടപെടലിനും സംഘാടന പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ മുഖ്യലക്ഷ്യം. പദ്ധതി നിർവഹണത്തിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എല്ലാ വർഷവും ഇതിനാവശ്യമായ തുക ഉൾപ്പെടുത്തുക എന്ന തരത്തിലുള്ള വികസന കാഴ്ചപ്പാടിലേക്ക് സമൂഹത്തെ എത്തിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. മെൻസ്ട്രുവൽ കപ്പ് , ടാമ്പൺസ് എന്നിവ സ്ത്രീകൾക്ക് സൗജന്യമായൊ സൗജന്യനിരക്കിലൊ നൽകാൻ സംവിധാനമൊരുക്കുക വഴി സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ നേട്ടം നാടിനുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും ഏകോപനവും സന്നദ്ധ സംഘടനകളുടെ സഹകരണവും ഇതിനാവശ്യമുണ്ട്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻറ് ഡോ. കെ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. പി.എസ്. ജൂന, എം.ജി. ജയശ്രീ , എ.എസ്.ജിനി, ഒ.എൻ. അജിത് കുമാർ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്), മോനിഷ (കുടുംബശ്രീ ) കെ.എസ്. ജയ (ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ) പി.എൽ. ബിജിത്ത് (ശുചിത്വമിഷൻ ), സി. ചന്ദ്രബാബു (കോസ്റ്റ് ഫോഡ് ),ഡോ. പവൻ (ഐ.എം.എ) , ഡോ. ഷീല വിശ്വനാഥ് ( വനിതാസാഹിതി ) എൻ.സുസ്മിത (മാതൃഭൂമി), കെ.കെ.രജിത (ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ) , പ്രസന്ന (അങ്കണവാടി വർക്കേഴ്സ് അസോസിയേഷൻ ) തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ മന്ത്രിമാർ എം.പിമാർ എംഎൽഎമാർ എന്നിവർ രക്ഷാധികാരികൾ ആയുള്ള 200 അംഗ സംഘാടക സമിതി രൂപീകരിച്ചു ചെയർമാൻ : പി കെ ഡേവിസ് (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ) ജനറൽ കൺവീനർ : പി എസ് ജൂന (കേന്ദ്ര നിർവാഹക സമിതി അംഗം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) ടി.സത്യനാരായണൻ കൺവീനർ, പ്രചാരണം.