കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈറ്റിലെ ഇന്ത്യൻ സമൂഹം
കുവൈറ്റ് : വി സ്റ്റാൻഡ് വിത്ത് കേരള എന്ന പേരിൽ എംബസ്സിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിരവധി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു .മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ വിവരങ്ങൾ അറിയുന്നതിനായി ചീഫ് സെക്രട്ടറിയുമായി ബന്ധപെടുന്നുണ്ടെന്നും സഹായസഹകരണങ്ങൾ ആവശ്യം വരുന്ന സാഹചര്യത്തിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു . മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിനു ഏത് രീതിയിലുമുള്ള സഹായവും എത്തിക്കാൻ തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യുവാൻ ഒരുക്കമാണെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു.കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കേരളത്തിൽ സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളെ കുറിച്ച് കൃത്യമായ പഠനം നടത്തി വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു. പ്രധാനമന്ത്രിയുടെയോ, മുഖ്യമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ എത്തിക്കുന്നത് നല്ലതായിരിക്കുമെന്നും അഭിപ്രായം ഉയർന്നു . കേരളത്തോടൊപ്പം കുവൈറ്റിലെ ഇന്ത്യൻ സമൂഹം ഉണ്ടാകുമെന്നു ഉറപ്പു നൽകിയാണ് യോഗം സമാപിച്ചത് .