കല്യാണം റോമിലാക്കൂ; 2000 യൂറോ സമ്മാനം നേടാം, വിദേശികൾക്കും ഓഫർ
മധ്യ ഇറ്റലിയിലെ ലാസിയോ മേഖലയിൽ വെച്ച് വിവാഹിതരാവുന്നവർക്ക് 2000 യൂറോ സമ്മാനം വാഗ്ദാനം ചെയ്ത് പ്രാദേശിക ഭരണകൂടം. രാജ്യ തലസ്ഥാനമായ റോം ഉൾപ്പെടുന്ന ലാസിയോ മേഖല ഇറ്റലിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രണ്ടാമത്തെ പ്രദേശമാണ്. ഇന്ത്യൻ രൂപയിൽ 1,68,000-ത്തിലേറെ രൂപയാണ് ലഭിക്കുന്നത്.
കൊവിഡിനു ശേഷം മന്ദഗതിയിലായ വ്യാപാര മേഖലയ്ക്ക് ഉണർവ് പകരാനാണ് ലാസിയോയിലെ പ്രാദേശിക സർക്കാർ സമ്മാനങ്ങൾ ഓഫർ ചെയ്യുന്നത്. വിവാഹങ്ങൾക്ക് മാത്രമല്ല, ജനങ്ങളുടെ മറ്റു വിധത്തിലുള്ള ഒത്തുചേരലുകൾക്കും വലിയ തോതിലുള്ള പ്രോത്സാഹനമാണ് നൽകുന്നത്.
ഇറ്റാലിയൻ വധൂവരന്മാർക്ക് മാത്രമല്ല വിദേശികൾക്കും വാഗ്ദാനങ്ങൾ ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. വിവാഹം പോലുള്ള ആഘോഷങ്ങൾ നടക്കുമ്പോൾ പ്രാദേശികമായി ഒട്ടേറെ ക്രയവിക്രയങ്ങൾ നടക്കും. ഹോട്ടൽ, കാറ്ററിങ്ങ്, വെഡ്ഡിങ്ങ് പ്ലാനിങ്ങ്, ഫ്ലോറിസ്റ്റ്സ്, ട്രാൻസ്പോർടിങ്ങ് ഉൾപ്പെടെയുള്ള സകല മേഖലകളിലും അതിൻ്റെ പ്രതിഫലനങ്ങൾ ഉണ്ടാകും. ഹണിമൂൺ, ഫോട്ടോഗ്രഫി, വിനോദ പരിപാടികൾ തുടങ്ങി അനുബന്ധ ചടങ്ങുകൾക്കും ആകർഷകമായ ഓഫറുകൾ സർക്കാർ മുന്നോട്ടു വെച്ചിട്ടുണ്ട്.
കൊവിഡ് മൂലം ആദ്യം പ്രതിസന്ധിയിലായ രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. പ്രതിസന്ധി കാലത്ത് 85 ശതമാനം വിവാഹങ്ങളും മാറ്റിവെച്ചിരുന്നു. റോമിൽ വെച്ച് വിവാഹിതരാവാൻ വിദേശികൾ ഉൾപ്പെടെ താത്പര്യം കാണിക്കാറുണ്ട്. കൊവിഡ് കാലത്ത് 9000-ത്തോളം വിദേശ വിവാഹങ്ങൾ മുടങ്ങിയതായി കണക്കുകൾ കാണിക്കുന്നു.