കനയ്യയെ സ്വാഗതം ചെയ്ത് കോൺഗ്രസ്സ് ആസ്ഥാനത്ത് പോസ്റ്ററുകൾ

കനയ്യ കുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ്സ് ആസ്ഥാനത്ത് പോസ്റ്ററുകൾ. ഡൽഹിയിലെ പാർട്ടി ഓഫീസിനു മുന്നിലാണ് ഇന്ന് പാർട്ടിയിൽ ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിദ്യാർഥി നേതാവിനെ സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

നിലവിൽ സി പി ഐ യിൽ അംഗമായ കനയ്യ 2019-ലാണ് പാർട്ടിയിൽ ചേർന്നത്. തുടർന്ന് ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിൽനിന്ന് ലോകസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിക്കുകയും ചെയ്തു. എന്നാൽ ബി ജെ പി സ്ഥാനാർഥി ഗിരിരാജ് സിങ്ങിനോട് കനയ്യ പരാജയപ്പെടുകയായിരുന്നു.

ജെ എൻ യു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡൻ്റായ കനയ്യയെ 2016 ൽ ദേശ ദ്രോഹ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് ജയിലിൽ അടച്ചിരുന്നു. പാർലമെൻ്റ് ആക്രമണക്കേസിൽ വധശിക്ഷയ്ക്ക് വിധേയനായ അഫ്സൽ ഗുരുവിൻ്റെ ചരമ ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയാണ് വിവാദമായത്.

രണ്ടാഴ്ചക്കിടെ കനയ്യ രണ്ടു തവണ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. പ്രിയങ്കാ ഗാന്ധിയുമായും വിദ്യാർഥി നേതാവ് കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

കനയ്യ കുമാറിനൊപ്പം ഇന്ന് കോൺഗ്രസ്സ് പാർട്ടിയിൽ ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരാൾ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയാണ്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ മേവാനിയുടെ രംഗപ്രവേശം വലിയ തോതിൽ മുതൽക്കൂട്ടാകും എന്ന കണക്കു കൂട്ടലിലാണ് കോൺഗ്രസ്സ് നേതൃത്വം.

Related Posts