ചരിത്രമെഴുതി ബ്രാവോ
മാഞ്ചെസ്റ്റര്‍: ട്വന്റി 20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വെയ്ന്‍ ബ്രാവോ. നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിനു വേണ്ടി നിലവില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ദ ഹണ്ട്രഡ് ട്വന്റി 20 ലീഗിലാണ് താരം പങ്കെടുക്കുന്നത്. മത്സരത്തിൽ ഒരു അപൂർവ റെക്കോർഡും ബ്രാവോ സ്ഥാപിച്ചു. ടി20 ക്രിക്കറ്റിൽ 600 വിക്കറ്റ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ താരമായി ബ്രാവോ മാറി. ഓവൽ ഇന്‍വിന്‍സിബിള്‍സിനെതിരായ മത്സരത്തില്‍ സാം കറന്റെ വിക്കറ്റെടുത്തതോടെയാണ് ബ്രാവോ ചരിത്രമെഴുതിയത്. തന്റെ 516-ാം മത്സരത്തിലാണ് ബ്രാവോ 600 വിക്കറ്റുകള്‍ തികച്ചത്. ഏറ്റവുമധികം ട്വന്റി 20 വിക്കറ്റുകള്‍ വീഴ്ത്തിയ താരങ്ങളുടെ പട്ടികയില്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിലാണ് ബ്രാവോ. 466 വിക്കറ്റുമായി അഫ്ഗാന്‍ താരം റാഷിദ് ഖാനാണു രണ്ടാമത്. 457 വിക്കറ്റുകളുമായി വിന്‍ഡീസിന്റെ സുനില്‍ നരെയ്‌നാണ് മൂന്നാമത്.