ഗൂഗിൾ പേയുടെ വഴിയേ വാട്സാപ്പ് പേയും, വലിയ ക്യാമ്പയിൻ നടത്താനൊരുങ്ങി കമ്പനി

ഗൂഗിൾ പേ മാതൃകയിൽ കാഷ് ബാക്ക് ഓഫറുകളും റിവാർഡുകളും നൽകാനൊരുങ്ങി വാട്സാപ്പ് പേ. എതിരാളികളായ ഗൂഗിൾ പേ ഈ ദിശയിൽ തകർപ്പൻ മുന്നേറ്റങ്ങൾ നടത്തുമ്പോൾ പിടിച്ചുനില്ക്കാൻ പുതിയ തന്ത്രങ്ങൾ ആവശ്യമാണെന്ന തിരിച്ചറിവിലാണ് പേമെൻ്റ് പ്ലാറ്റ്ഫോം മാർക്കറ്റിങ്ങിൽ പുതിയ പരീക്ഷണങ്ങൾക്ക് വാട്സാപ്പ് ഒരുങ്ങുന്നത്. ഗൂഗിൾ പേക്കു പുറമേ പേ ടിഎം, ഫോൺ പേ തുടങ്ങി ഡിജിറ്റൽ പേമെൻ്റ് രംഗത്തെ മറ്റു കമ്പനികളും വാട്സാപ്പ് പേക്ക് കനത്ത വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. എതിരാളികളെ മുഴുവൻ മറികടന്ന് ഈ രംഗത്ത് ഒന്നാം സ്ഥാനം കൈക്കലാക്കാനുള്ള കഠിന പരിശ്രമത്തിലാണ് കമ്പനിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വാട്സാപ്പിലെ മാറ്റങ്ങൾ മുൻകൂട്ടി പ്രവചിക്കാറുള്ള വാബീറ്റയാണ് (ഡബ്ലു എ ബീറ്റ) പ്ലാറ്റ്ഫോമിൽ കാഷ് ബാക്ക് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്ന വിവരം പുറത്തുവിട്ടത്. കാഷ് ബാക്ക് റൂട്ടിലൂടെ വാട്സാപ്പ് പേമെൻ്റുകളിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. പുതിയ ഫീച്ചർ ഇന്ത്യയിൽ മാത്രമാവും അവതരിപ്പിക്കുകയെന്നും പത്ത് രൂപയിൽ കൂടുതലുള്ള പേമെൻ്റുകൾക്കെല്ലാം കാഷ് ബാക്ക് ഓഫർ ഉണ്ടാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2018 ൻ്റെ തുടക്കത്തിൽ ബീറ്റ വേർഷൻ അവതരിപ്പിച്ച പേയ്മെൻ്റ് സംവിധാനം 2020 ലാണ് വ്യാപകമായി നടപ്പിലാക്കിയത്.കാഷ് ബാക്ക് ഓഫറുകളും റിവാർഡുകളും സൗജന്യങ്ങളും ആകർഷകമായ മറ്റു സമ്മാനങ്ങളും നൽകി പേമെൻ്റ് രംഗത്ത് മുന്നേറുന്ന ഗൂഗിൾ പേയ്ക്ക് വലിയ വെല്ലുവിളിയാവും വാട്സാപ്പിൻ്റെ പുതിയ നീക്കം എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

പേമെൻ്റ് സംവിധാനത്തെ കുറിച്ച് വലിയ തോതിലുള്ള പരസ്യ ക്യാമ്പയിന് വാട്സാപ്പ് ഒരുങ്ങുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. തങ്ങളുടെ പേമെൻ്റ് സംവിധാനത്തിൻ്റെ സവിശേഷതകളെയും നേട്ടങ്ങളെയും കുറിച്ച് ഉപയോക്താക്കൾക്കിടയിൽ വലിയ രീതിയിലുള്ള പ്രചാരണം നടത്താനാണ് കമ്പനി ഒരുങ്ങുന്നത്. രാജ്യത്തിൻ്റെ ഡിജിറ്റൽ സമ്പദ് യാത്രയിൽ വാട്സാപ്പിന് വലിയ പങ്കു വഹിക്കാനാവുമെന്ന് വാട്സാപ്പ് പേ ഇന്ത്യ മേധാവി മനേഷ് മഹാത്മേ പറഞ്ഞു.

Related Posts