നാവിക സേനയുടെ വേഗവും കരുത്തും വിളിച്ചോതി വെയ്‌ലർ ബോട്ട് പുള്ളിംഗും സൈക്ലിംഗും
കനത്ത മഴയിലും നാവിക സേനയുടെ വേഗവും കരുത്തും വിളിച്ചോതി വെയ്‌ലർ ബോട്ട് പുള്ളിംഗും സൈക്ലിംഗും. മുസിരിസ് കായലോരത്ത് എത്തിയ കാണികൾക്ക് ആവേശമായി മാറി നാവികസേനയുടെ വഞ്ചി തുഴയൽ. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നേവി മുസിരിസ് പൈതൃക പദ്ധതിയുമായി ചേർന്ന് നടത്തിയ വെയ്ലർ പുള്ളിംഗും ഓഫ്‌ഷോർ സൈക്ലിംഗ് പര്യവേഷണവുമാണ് ശ്രദ്ധേയമായത്.
കൊച്ചി നേവൽ ബേസിൽ നിന്നാരംഭിച്ച് മുസിരിസ് പൈതൃക പദ്ധതി പ്രദേശത്ത് അവസാനിക്കുന്ന പര്യവേഷണങ്ങൾ ഇന്ത്യൻ നാവികസേനയിലെ പരിശീലന സ്ക്വാഡ്രണാണ് നയിച്ചത്. ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കി കൊച്ചി നേവൽ ബേസിൽ ആറു മാസത്തെ പരിശീലനത്തിനായെത്തിയ 175 പേരാണ് തുഴച്ചിൽ, സൈക്ലിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്. കൊച്ചി നാവിക ആസ്ഥാനത്ത് നിന്നും മുസിരിസിലേക്കുള്ള 20 നോട്ടിക്കൽ മൈൽ ദൂരമാണ് തുഴച്ചിൽ സംഘം രണ്ട് സഖ്യമായി തിരിഞ്ഞ് പിന്നിട്ടത്. കൊച്ചി നേവൽബേസ് മുതൽ വീരംപുഴ വരെ 37 പേരും വീരംപുഴ മുതൽ മുസിരിസ് കോട്ടപ്പുറം കായലോരം വരെ 38 പേരുമാണ് പുള്ളിംഗിൽ പങ്കെടുത്തത്. 30 പേരടങ്ങുന്ന സംഘം 75 കി.മീ ആണ് സൈക്ലിംഗിൽ പങ്കെടുത്തത്.
നാവികസേനയിൽ വർഷങ്ങളായി നടക്കുന്ന മത്സരമാണ് ബോട്ട് പുള്ളിങ് റിഗാറ്റ. ഇതിൽ ഉപയോഗിക്കുന്ന ബോട്ടുകളെ 'വെയ്ലേഴ്സ്' എന്നാണ് വിശേഷിപ്പിക്കുന്നത്. പണ്ട് കടലിൽ തിമിംഗിലങ്ങളെ പിടിച്ചിരുന്നത് ഈ ബോട്ടുകളിലാണ്. ഇതിൽനിന്നാണ് ബോട്ടിന് 'വെയ്ലേഴ്സ്' എന്ന പേരു വന്നത്.
കോട്ടപ്പുറം ആംഫി തീയറ്ററിൽ നടന്ന പരിപാടി അഡ്വ.വി ആർ സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. 'തിർ' കപ്പലിൻ്റെ കമാന്റിംഗ് ഓഫീസറും നാവികസേന ആദ്യ പരിശീലന സ്‌ക്വാഡ്രൺ സീനിയർ ഓഫീസറുമായ ക്യാപ്റ്റൻ അഫ്താബ് അഹമ്മദ് മുഖ്യാതിഥിയായി. ചടങ്ങിൽ അഡ്വ.വി ആർ സുനിൽ കുമാർ ക്യാപ്റ്റൻ അഫ്താബ് അഹമ്മദിന് ബാഡ്ജും കേരള ദി അൺടോൾഡ് സ്റ്റോറി എന്ന പുസ്തകം മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദും കൈമാറി. ക്യാപ്റ്റൻ അഫ്താബ് അഹമ്മദ് അഡ്വ.വി ആർ സുനിൽ കുമാർ എംഎൽഎ, പി എം നൗഷാദ് എന്നിവർക്ക് ഷീൽഡും കൈമാറി. ചടങ്ങിൽ തുരുത്തിപ്പുറം നവരത്ന കലാസാംസ്കാരിക വേദി കലാകാരന്മാർ 'ജ്ഞാനസുന്ദരി' ചവിട്ടുനാടകം അവതരിപ്പിച്ചു.
കൊടുങ്ങല്ലൂർ നഗരസഭ കൗൺസിലർമാരായ അഡ്വ.വെങ്കിടേശ്വരൻ, ജോണി വി എം, ഫ്രാൻസിസ് ബേക്കൺ, ലെഫ്റ്റനൻ്റ് കമാൻ്റർ മിഥുൻ മോഹൻ, കമാൻ്റർ പ്രശാന്ത് ഷൻഡലിയ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, മ്യൂസിയം മാനേജർമാരായ ഡോ മിഥുൻ സി ശേഖർ, സജ്‌ന വസന്തരാജ്, നിമ്മി എം ബി എന്നിവർ പങ്കെടുത്തു. പരിപാടികൾക്ക് ശേഷം നേവൽ സംഘം മുസിരിസ് പൈതൃക പദ്ധതി പ്രദേശമായ കോട്ടപ്പുറം കോട്ടയിലേയ്ക്ക് സന്ദർശനവും നടത്തി.