കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വീല്‍ഹോ വീഡറിന് കേന്ദ്രസര്‍ക്കാരിന്റെ ഡിസൈന്‍ പേറ്റന്റ് ലഭിച്ചു
തൃശൂർ: കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കാര്‍ഷിക കോളേജ് വെളളായണിയില്‍ വിളപരിപാലന വിഭാഗം ശാസ്ത്രജഞര്‍ വികസിപ്പിച്ച കളനിയന്ത്രണ യന്ത്രമായ വീല്‍ഹോ വീഡറിന് കേന്ദ്രസര്‍ക്കാരിന്റെ ഡിസൈന്‍ പേറ്റന്റ് ലഭിച്ചു.
ഒരു ചക്രവവും ബ്ലേഡും ഉപയോഗിച്ച് വിളകളുടെ ഇടയിൽ നടന്നു നീങ്ങി കളകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഈ യന്ത്രം സ്ത്രീകൾക്കും അനായാസം പ്രവർത്തിക്കാവുന്ന തരത്തിലാണ് രൂപ കല്പന ചെയ്തിട്ടുളളത്. വിളകളിലെ ഇടയകലത്തിനു അനുസൃതമായി വിവിധ വലുപ്പത്തിലുള്ള (15 മുതൽ 30 സെ മി) ബ്ലേഡുകൾ ഘടിപ്പിക്കാവുന്നതാണ്. ഒരു മണിക്കൂറിൽ 0.015 ഹെക്ടർ ( 3.7 സെൻറ് ) സ്ഥലത്തെ കളകൾ നിയന്ത്രിക്കുവാൻ ഈ യന്ത്രം ഉപയോഗി്ച്ച് സാധിക്കും. ബ്ലേഡ് മണ്ണിൽ 1.5 സെ മി തുളച്ചു കയറുന്നതുവഴി കളകളെ വേരോടുകൂടി ചെത്തിമാറ്റുന്നതാണ് ഇതിന്റെ പ്രവർത്തന രീതി. ബ്ലേഡ് തിരശ്ചീനമായി 15 ഡിഗ്രി കോണിൽ ചരിഞ്ഞിരിക്കുന്നതിനാൽ ബ്ലേഡിന് അനായാസം മണ്ണിലേക്ക് തുളച്ചു കയറാൻ സാധിക്കുന്നു. സ്‌ക്വയർ ട്യൂബ് ആകൃതിയിലുള്ള ചട്ടക്കൂട് ആണ് ഈ യന്ത്രത്തിന്റെ സവിശേഷമായ ഘടകം . ഇതിൽ യന്ത്രത്തിന്റെ മൂന്ന് പ്രധാന ഭാഗങ്ങളായ ഹാൻഡിൽ ബാർ, വീൽ, ബ്ലേഡ് എന്നിവ ഘടിപ്പിച്ചിരിക്കുന്നു.
ഡോ. ഷീജ കെ രാജ്, ഡോ ജേക്കബ് ഡി, ഡോ ശാലിനി പിള്ള പി എന്നിവരുടെ നേതൃത്വത്തിൽ, സീതൾ റോസ് ചാക്കോ, ധനു ഉണ്ണികൃഷ്ണൻ, കൃഷ്ണശ്രീ ആർ കെ, അനിറ്റ് റോസ ഇന്നസൻറ് എന്നിവരുടെ ഡോക്ടറേറ്റ് /ബിരുദാനന്തര ബിരുദ ഗവേഷണ പഠനത്തിന്റെ ഭാഗമായി വികസിപ്പിച്ചതാണ്. ജൂലൈ 2021 മുതൽ പത്തു വർഷ കാലയളവിലേക്കാണ് ഡിസൈൻ പേറ്റന്റ് ലഭിച്ചിരിക്കുന്നത്.