ചരിത്രം വഴിമാറും ചിലർ വരുമ്പോൾ; അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയുടെ ആദ്യ വനിതാ അധ്യക്ഷയായി ഇന്ത്യൻ വംശജ നീലി ബെൻഡാപുഡി
അമേരിക്കയിലെ വിഖ്യാതമായ പെൻസിൽവാനിയ സർവകലാശാലയ്ക്ക് ചരിത്രത്തിലാദ്യമായി ഒരു വനിതാ അധ്യക്ഷ. അതും ഒരു ഇന്ത്യൻ വംശജ. വെള്ളക്കാരല്ലാത്തവരിലേക്ക് ഒരു അധികാര കൈമാറ്റം. അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ഫിലാഡെൽഫിയയിലുള്ള ഐവി ലീഗ് ഗവേഷണ സർവകലാശാലയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യക്കാരിയായ നീലി ബെൻഡാപുഡി.
1986-ൽ ഉപരിപഠനത്തിനായാണ് വിശാഖപട്ടണത്ത് ജനിച്ച ബെൻഡാപുഡി അമേരിക്കയിലെത്തുന്നത്. പിന്നീടങ്ങോട്ട്, അക്കാദമിക് മേഖലയിൽ വളർച്ചയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറിയ അവർ അമേരിക്കയിൽ സ്ഥിരതാമസമാക്കി. അവിടത്തെ പൗരത്വം നേടി. നിലവിൽ കെൻ്റക്കിയിലെ ലൂയിസ് വില്ലെ യൂണിവേഴ്സിറ്റിയിലെ മാർക്കറ്റിങ്ങ് വിഭാഗം മേധാവിയാണ്.
അക്കാദമിക് മേഖലയിൽ മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബെൻഡാപുഡി മാർക്കറ്റിങ്ങിലും ഉപഭോക്തൃ പെരുമാറ്റത്തിലുമാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. നേരത്തേ, കൻസാസ്, ഒഹിയോ സർവകലാശാലകളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. 30 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന വെളളക്കാരനായ എറിക് ജെ ബാരൻ്റെ സ്ഥാനത്തേക്കാണ് പ്രൊഫസർ നീലി ബെൻഡാപുഡി എത്തുന്നത്.
ആന്ധ്ര യൂണിവേഴ്സിറ്റിയിലാണ് നീലി ബെൻഡാപുഡി ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾ പൂർത്തിയാക്കിയത്. ഒഹിയോ, കൻസാസ്, ലൂയിസ് വില്ലെ സർവകലാശാലകളിൽ സേവനമനുഷ്ഠിച്ച ഡോ. വെങ്കട്ട് ബെൻഡാപുഡിയാണ് ജീവിത പങ്കാളി.