യൂറോപ്പ് ഒമിക്രോൺ തരംഗത്തിൻ്റെ വക്കിലെന്ന് ഡബ്ല്യുഎച്ച്ഒ യൂറോപ്യൻ മേധാവി; എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകണം
യൂറോപ്പിൽ ഒമിക്രോൺ തരംഗമുണ്ടാവും എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ മേധാവി. 53 യൂറോപ്യൻ രാജ്യങ്ങളിൽ 38 എണ്ണത്തിലും ഒമിക്രോൺ സ്ഥിരീകരിച്ചു കഴിഞ്ഞു. ഡെൻമാർക്ക്, പോർചുഗൽ, യു കെ എന്നിവിടങ്ങളിൽ ഡൽറ്റ വകഭേദത്തെ മറികടന്ന് ഒമിക്രോൺ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അതിവേഗത്തിലാണ് പുതിയ വകഭേദം പടർന്നു പിടിക്കുന്നത്. വിയന്നയിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് ഡബ്ല്യുഎച്ച്ഒ യുടെ യൂറോപ്യൻ മേധാവി ഹാൻസ് ക്ലൂഗ്, വലിയൊരു ദുരന്തത്തിൻ്റെ വക്കിലെത്തി നിൽക്കുകയാണ് യൂറോപ്പ് എന്ന വെളിപ്പെടുത്തൽ നടത്തിയത്.
അത്യാവശ്യക്കാർക്ക് മാത്രം ബൂസ്റ്റർ ഡോസ് നൽകണമെന്ന ലോകാരോഗ്യ സംഘടനയുടെ നേരത്തേയുള്ള നിർദേശത്തിന് വിരുദ്ധമായി എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ ക്ലൂഗ് യൂറോപ്യൻ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. "ബൂസ്റ്റ്, ബൂസ്റ്റ്, ബൂസ്റ്റ് എന്നാണ് പറയാനുള്ളത്. മറ്റൊരു കൊടുങ്കാറ്റ് അടുത്ത് വരുന്നത് നമുക്ക് കാണാം," ക്ലൂഗ് പറഞ്ഞു. "ആഴ്‌ചകൾക്കുള്ളിൽ, മേഖലയിലെ കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ ആധിപത്യം സ്ഥാപിക്കും. ഇതിനോടകം കനത്ത വെല്ലുവിളികൾ നേരിടുന്ന ആരോഗ്യ സംവിധാനങ്ങളെ അത് കൂടുതൽ കുഴപ്പത്തിലേക്ക് തള്ളിവിടും."
ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലയിൽ റഷ്യയും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളും തുർക്കിയും ഉൾപ്പെടുന്നു. സംഘടനയുടെ പുതിയ ഡാറ്റ കാണിക്കുന്നത് ലോകത്തെ മറ്റെല്ലാ മേഖലകളെയും അപേക്ഷിച്ച് യൂറോപ്പിൽ കൊവിഡ് അതിവേഗം പടർന്നു പിടിക്കുന്നു എന്നാണ്. ഒമിക്രോൺ വകഭേദം ആവിർഭവിക്കുന്നതിനു മുമ്പുതന്നെ, മേഖലയിൽ മാർച്ച് മാസത്തോടെ 7,00,000 മരണങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.