ഒമിക്രോൺ കൊവിഡിൻ്റെ സുനാമി തീർക്കുമെന്ന ആശങ്കയുമായി ലോകാരോഗ്യ സംഘടന

ഒമിക്രോൺ വകഭേദത്തെ കുറിച്ച് അതിയായ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഡൽറ്റയ്ക്കൊപ്പം അതിവേഗം വ്യാപിക്കുന്ന ഒമിക്രോൺ കൂടി വന്നതോടെ ലോകം ഒരു കൊവിഡ് സുനാമിയുടെ പിടിയിൽ അകപ്പെടാനുള്ള സാധ്യതയാണ് കാണുന്നതെന്ന് ഡബ്ല്യു എച്ച് ഒ ഡയറക്റ്റർ ജനറൽ തെദ്രോസ് അഥനം ഗബ്രിയേസസ് പറഞ്ഞു. അതേ സമയം, ലോക രാജ്യങ്ങൾ ഒന്നിച്ചുനിന്ന് പോരാടാൻ തീരുമാനിച്ചാൽ 2022-ൽ തന്നെ കൊവിഡിനെ പിടിച്ചുകെട്ടാമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

നവംബറിൽ ദക്ഷിണാഫ്രിക്കയിലാണ് കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒരു മാസത്തിനകം അമേരിക്കയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും അത് പ്രബലമായിക്കഴിഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ 194 അംഗരാജ്യങ്ങളിൽ 92 എണ്ണവും ഈ വർഷം അവസാനത്തോടെ ജനസംഖ്യയുടെ 40 ശതമാനം പേർക്കെങ്കിലും വാക്സിനേഷൻ നൽകാനുള്ള ലക്ഷ്യത്തിൽ പരാജയപ്പെട്ടതായി ഡബ്ല്യു എച്ച് ഒ മേധാവി ചൂണ്ടിക്കാട്ടി. അടുത്ത വർഷം ജൂലൈ മാസത്തോടെയെങ്കിലും ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്സിൻ ലഭ്യമാക്കാനുള്ള പ്രതിജ്ഞയാണ് പുതുവർഷത്തിൽ എടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Posts