കുടുംബം ഒന്നടങ്കം അല്ലു അർജുൻ ഫാൻസ് ആണെന്ന് ആലിയ ഭട്ട്
താനടക്കം കുടുംബത്തിലെ എല്ലാവരും അല്ലു അർജുൻ ആരാധകർ ആണെന്ന് പ്രമുഖ ബോളിവുഡ് താരം ആലിയ ഭട്ട്. നടനൊപ്പം അഭിനയിക്കാൻ ഒരവസരം കിട്ടിയാൽ താൻ ചാടി വീഴുമെന്നും നടി വെളിപ്പെടുത്തി.
പുഷ്പ കണ്ടതിന് ശേഷമാണ് എല്ലാവരും അല്ലുവിൻ്റെ ആരാധകരായത്. നടൻ്റെ നായികയായി അഭിനയിക്കാൻ എന്നെങ്കിലും ഒരവസരം കിട്ടുമോ എന്നാണ് കുടുംബത്തിൽ എല്ലാവരും ചോദിക്കുന്നത്.
ആലിയ എന്നതിനെ ചുരുക്കി ആലു എന്ന ചെല്ലപ്പേരിലാണ് വീട്ടിൽ എല്ലാവരും തന്നെ പണ്ടുമുതലേ വിളിക്കാറുള്ളത്. അല്ലുവിൻ്റെ ആരാധകർ ആയതോടെ ചോദ്യം ഇങ്ങനെയായി: " ആലു, നീ എന്നാണ് അല്ലുവിൻ്റെ നായികയാവുന്നത്?" അവസരം കിട്ടിയാൽ താൻ എപ്പോഴേ ചാടി വീണേനെ എന്നാണ് താൻ അവരോട് പറഞ്ഞത്.
ബോളിവുഡിലെ പ്രമുഖ സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ മഹേഷ് ഭട്ടിൻ്റെ ഇളയ മകളാണ് ആലിയ ഭട്ട്. മൂത്ത മകൾ പൂജാ ഭട്ടും ഒരു കാലത്ത് ഹിന്ദി സിനിമയിൽ നിറഞ്ഞു നിന്നിരുന്നു. 2 സ്റ്റേറ്റ്സ്, കപൂർ ആൻ്റ് സൺസ്, ഹൈവേ, അഗ്ലി, ഉഡ്താ പഞ്ചാബ്, ബദരീനാഥ് കീ ദുൽഹനിയ, വെൽകം ടു ന്യൂയോർക്ക്, രാസി, ആർ ആർ ആർ എന്നിവയാണ് നടിയുടെ ശ്രദ്ധേയ ചിത്രങ്ങൾ.