എന്തുകൊണ്ട് നേരത്തേ വിരമിച്ചു? ഉത്തരവുമായി അഭിനവ് ബിന്ദ്ര
ന്യൂഡല്‍ഹി: വ്യക്തിഗത ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി സ്വര്‍ണം നേടി ചരിത്രത്തിലിടം നേടിയ താരമാണ് അഭിനവ് ബിന്ദ്ര. ലോകത്തിലെ ഏറ്റവും മികച്ച ഷൂട്ടിങ് താരങ്ങളിലൊരാളായ ബിന്ദ്ര വളരെ നേരത്തെ കായികരംഗത്തുനിന്ന് വിരമിച്ചിരുന്നു. ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി, നേരത്തെ വിരമിക്കാനുള്ള കാരണം വിശദീകരിച്ചിരിക്കുകയാണ് ബിന്ദ്ര ഇപ്പോൾ. മൂന്ന് പോയിന്‍ന്റാണ് താരം വിശദീകരിച്ചത്. ആദ്യത്തേത് കഴിവിലുണ്ടായ ഇടിവാണ്. രണ്ടാമത്തേത് തുടര്‍ച്ചയായി മത്സരങ്ങള്‍ പരാജയപ്പെട്ടത്. മൂന്നാമത്തെ കാരണം പുതിയ തലമുറയ്ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്നതാണ്. 2008ലെ ബീജിംഗ് ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ബിന്ദ്ര സ്വർണ്ണ മെഡൽ നേടിയിരുന്നു. 2006ലെ ലോക ചാമ്പ്യൻഷിപ്പിലും ഇതേ ഇനത്തിൽ ബിന്ദ്ര സ്വർണ്ണ മെഡൽ നേടി. കോമൺവെൽത്ത് ഗെയിംസിൽ നാല് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയ ബിന്ദ്ര ഏഷ്യന്‍ ഗെയിംസില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവും നേടി.