വിപ്ലവഗാനത്തിൻ്റെ ട്രാക്കുവിട്ട് ഭക്തിഗാനത്തിൻ്റെ ശൈലിയിലേക്ക് സി പി എം എന്തിനാണ് മാറുന്നതെന്ന് ശ്രീജിത്ത് പണിക്കർ
വിപ്ലവഗാനത്തിൻ്റെ ട്രാക്കിൽ നിന്ന് മാർക്സിസ്റ്റ് പാർടി ഭക്തിഗാനത്തിൻ്റെ ശൈലിയിലേക്ക് മാറുന്നത് എന്തിനാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് പാർടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പതാകാ ഗാനത്തെ രൂക്ഷമായി വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
ബി ജെ പി ക്കാരെ ട്രോളാൻ ഉപയോഗിക്കുന്ന നമോ, നമസ്തേ, ധ്വജം എന്നീ വാക്കുകൾ ഇടതുപക്ഷം പതാകാഗാനത്തിൽ ഉപയോഗിക്കുന്നത് എന്തിനാണെന്ന് ശ്രീജിത്ത് പണിക്കർ ചോദിച്ചു. വിപ്ലവഗാനത്തിന്റെ ട്രാക്ക് വിട്ട് ഭക്തിഗാനത്തിന്റെ ശൈലിയിലേക്ക് മാറുന്നത് എന്തിനാണ്? കാലോചിതമായ മാറ്റം എന്ന ന്യായത്തിനൊക്കെ ഒരു പരിധിയില്ലേ? അരിവാൾ പഴയതായി എന്നുകരുതി പതാകയിൽ അതുമാറ്റി ഡ്രില്ലിങ് മെഷീൻ ആരും വെക്കില്ലല്ലോ.
സി പി എം ചുവടുമാറ്റുകയാണെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞു. പട്ടിയെന്നും ബോംബെന്നും ചട്ടുകമെന്നും ഒരുകാലത്ത് ഇടതുപക്ഷം വിളിച്ച സുഭാഷ് ചന്ദ്രബോസാണ് ഇന്ന് ബംഗാൾ സമ്മേളനത്തിന്റെ പോസ്റ്റർ ബോയ്. എം എൻ റോയിയും എസ് എ ഡാങ്കെയും മഹാത്മാ ഗാന്ധിയും ഇന്ദിരാ ഗാന്ധിയും ആദരിച്ചിരുന്ന വ്യക്തിയായിരുന്നു എന്ന ന്യായം പറഞ്ഞ് നാളെ സവർക്കറുടെ ചിത്രം സംസ്ഥാന സമ്മേളനത്തിൽ വെച്ചാലും അതിശയിക്കേണ്ട എന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.