501 പേർ പങ്കെടുത്ത പാർടി തിരുവാതിരയ്‌ക്കെതിരെ വ്യാപക വിമർശനം
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനിടയിലും കരുതലും ജാഗ്രതയും കൈവിട്ടുകൊണ്ട് തിരുവാതിരക്കളി നടത്തിയ സി പി എമ്മിന്റെ നടപടിക്കെതിരെ വ്യാപക വിമർശനം ഉയരുന്നു. തിരുവനന്തപുരത്ത് പാറശ്ശാലയിലാണ് 501 സ്ത്രീകളെ അണിനിരത്തി തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഒരാൾ പോലും മാസ്ക് ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെ കൊവിഡ് പ്രോട്ടോക്കോളുകൾ പരിപൂർണമായി ലംഘിച്ചുകൊണ്ടായിരുന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവാതിര കളിച്ചത്.
വരാനിരിക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയവർ ഉണ്ടായിരുന്നു. വിവാഹം, മരണം തുടങ്ങിയ സുപ്രധാനമായ ആവശ്യങ്ങൾക്കു പോലും 50 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന ചട്ടം നിലവിലുള്ളപ്പോഴാണ് 501 പേരെ അണിനിരത്തി ഭരിക്കുന്ന പാർടി തന്നെ തിരുവാതിരക്കളി സംഘടിപ്പിച്ചത്.
മറ്റു സംസ്ഥാനങ്ങൾ വാരാന്ത്യ കർഫ്യൂവും രാത്രികാല കർഫ്യൂവും അടക്കമുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടും കേരളത്തിൽ താരതമ്യേന അയഞ്ഞ സമീപനം സ്വീകരിക്കുന്നത് പാർടി സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് എന്ന ആരോപണങ്ങൾ നിലനിൽക്കുമ്പോഴാണ് ഭരിക്കുന്ന പാർടിയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ കടുത്ത ഉദാസീനത ചർച്ചയാവുന്നത്.