ജന്മദിനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കാഡിലാക് എസ്കലേഡ് സമ്മാനിച്ച് ജോർജിന റോഡ്രിഗസ്
37-ാം ജന്മദിനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കാഡിലാക് എസ്കലേഡ് സമ്മാനിച്ച് പങ്കാളിയും പ്രശസ്ത മോഡലുമായ ജോർജിന റോഡ്രിഗസ്. നിരവധി ആഡംബര കാറുകൾ സ്വന്തമായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിൻ്റെ വാഹന ശേഖരത്തിലേക്ക് ഇതോടെ പുതിയൊരു എസ് യു വി കൂടി ചേരുകയാണ്.
പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റ് സമ്മാനിക്കുന്ന ദൃശ്യങ്ങൾ ജോർജിന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. ഏതാണ്ട് ഒരു ലക്ഷം ഡോളർ വിലയുള്ള മോഡലാണ് ജീവിത പങ്കാളിക്കായി ജോർജിന തെരഞ്ഞെടുത്തത്. യൂറോപ്പിൽ വിൽപനയില്ലാത്തതിനാൽ ഇറക്കുമതി ചെയ്താണ് കാർ എത്തിച്ചത് എന്ന് കരുതാം. അതിനാൽ യഥാർഥ വില ഇതിലും ഉയരാൻ ഇടയുണ്ട്.
കാഡിലാക് എസ്കലേഡിന് ഏതാണ്ട് 5.5 മീറ്റർ നീളമുണ്ട്. 6.2 ലിറ്റർ സൂപ്പർചാർജ്ഡ് വി 8 എഞ്ചിനാണ് കരുത്ത് പകരുന്നത്. ഏകദേശം 414 ബി എച്ച് പി പവർ നൽകും. 5.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും. മറ്റ് ആഡംബര എസ് യു വി കളുമായി താരതമ്യപ്പെടുത്തുമ്പോൾ കാഡിലാകിൻ്റെ വലിപ്പം റോഡ് സാന്നിധ്യം ഗംഭീരമാക്കും.