മതനിന്ദാ നിരോധനം നീക്കി; പാക്കിസ്ഥാനിൽ തിരിച്ചെത്തി വിക്കിപീഡിയ
ഇസ്ലാമാബാദ്: ഓരോ രാജ്യത്തിനും അവരുടേതായ സാംസ്കാരിക സവിശേഷതകളുണ്ട്. ലോകം മുന്നേറുകയാണെന്ന് പറയുമ്പോഴും അതിന് വിരുദ്ധമായ ചില തീരുമാനങ്ങൾ എടുക്കാൻ ഭരണകൂടം പലപ്പോഴും നിർബന്ധിതരാകും. അതാത് രാജ്യങ്ങളുടെ അധികാരവുമായി അടുത്ത ബന്ധമുള്ള ശക്തികളായിരിക്കും ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ. ഇന്ന്, മതനിന്ദ ലോകമെമ്പാടും ഒരു പ്രധാന കുറ്റകൃത്യമായി തിരിച്ചെത്തുകയാണ്. ഏക മതവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് അതിന്‍റെതായ തീവ്രതയുമുണ്ടായിരിക്കും. മതരാഷ്ട്രമായ പാകിസ്ഥാനിലും മതനിന്ദ വലിയ കുറ്റമാണ്. മതനിന്ദാപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്ഥാൻ വിക്കിപീഡിയ നിരോധിച്ചിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം നിരോധനം നീക്കിയതിന് ശേഷം ഇന്നലെ മുതൽ വിക്കിപീഡിയ പാകിസ്ഥാനിൽ തിരിച്ചെത്തി. നേരത്തെ ഫേസ്ബുക്കും യൂട്യൂബും സമാനമായ മതനിന്ദ നിരോധനം പാകിസ്ഥാനിൽ നേരിട്ടിരുന്നു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി മരിയം ഔറംഗസേബ് ഉത്തരവിന്‍റെ പകർപ്പ് ട്വീറ്റ് ചെയ്തു കൊണ്ട് ഇങ്ങനെ എഴുതി. "വെബ്സൈറ്റ് (വിക്കിപീഡിയ) ഉടനടി പ്രാബല്യത്തിൽ വരുത്താൻ നിർദ്ദേശിച്ചതിൽ പ്രധാനമന്ത്രി സന്തുഷ്ടനാണ്" എന്ന്. വിക്കിമീഡിയ ഫൗണ്ടേഷന്‍ പാക് സര്‍ക്കാറിന്‍റെ ഉത്തരവിനെ സ്വാഗതം ചെയ്തു. പാകിസ്ഥാനിൽ വീണ്ടും ഓൺലൈൻ ട്രാഫിക് കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ മറുപടി നൽകി.