ലോകത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നതായി വിൽ സ്മിത്ത്
ഓസ്കർ അവാർഡ് ദാനച്ചടങ്ങിലെ തൻ്റെ നിലതെറ്റിയ പെരുമാറ്റത്തിൽ ലോകത്തോട് മുഴുവൻ മാപ്പ് ചോദിക്കുന്നതായി പ്രശസ്ത ഹോളിവുഡ് താരം വിൽ സ്മിത്ത്. അൽപം മുമ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നടൻ ഓസ്കർ വേദിയിലെ തൻ്റെ പെരുമാറ്റം അതിരു കടന്നതും പൊറുക്കാനാവാത്തതുമാണെന്ന് വ്യക്തമാക്കിയത്.
അക്രമം അതിന്റെ ഏത് രൂപത്തിലും വിഷമയവും വിനാശകരവുമാണ്. കഴിഞ്ഞ രാത്രിയിലെ അക്കാദമി അവാർഡ് ദാനച്ചടങ്ങിലെ തന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാകാത്തതുമായിരുന്നു. തമാശകൾ ജോലിയുടെ ഭാഗമാണെങ്കിലും ജാഡയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള തമാശ തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു, താൻ വൈകാരികമായിത്തന്നെ അതിനോട് പ്രതികരിച്ചു. അത് പാടില്ലായിരുന്നു.
"ക്രിസ്, നിന്നോട് പരസ്യമായി മാപ്പ് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അതിരു കടന്നു പോയി, എനിക്ക് തെറ്റുപറ്റി. ഞാൻ ലജ്ജിക്കുന്നു. എന്റെ പ്രവൃത്തികൾ ഞാൻ ആയിത്തീരാൻ ആഗ്രഹിക്കുന്ന മനുഷ്യന് യോജിച്ചതല്ല. സ്നേഹത്തിന്റെയും ദയയുടെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല," അതിവൈകാരികമായ ഭാഷയിൽ എഴുതിയ കുറിപ്പിൽ നടൻ പറഞ്ഞു.
അക്കാദമിയോടും ഷോയുടെ നിർമാതാക്കളോടും കാണികളോടും ലോകമെമ്പാടുമുള്ള എല്ലാവരോടും താൻ ക്ഷമാപണം നടത്തുന്നു. വില്യംസ് കുടുംബത്തോടും റിച്ചാർഡ് രാജാവിന്റെ കുടുംബത്തോടും മാപ്പ് പറയാൻ ആഗ്രഹിക്കുന്നു. തന്റെ പെരുമാറ്റം മൂലം മനോഹരമായ ഒരു വേദി മലീമസമായതിൽ ഖേദിക്കുന്നു. ഒരു മനുഷ്യൻ എന്ന നിലയിൽ താനിനിയും മെച്ചപ്പെടേണ്ടതുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.