ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതില്‍ മോദിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യും: യുഎസ്
വാഷിങ്ടണ്‍: ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയാണ് ഇക്കാര്യം അറിയിച്ചത്. പുടിൻ യുദ്ധം അവസാനിപ്പിക്കേണ്ട സമയമായി എന്ന് കരുതുന്നു. ഉക്രെയ്നെതിരായ അക്രമം അവസാനിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും യുഎസ് സ്വാഗതം ചെയ്യുന്നുവെന്നും കിർബി പറഞ്ഞു. ഉക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനും അത് പുടിനെ ബോധ്യപ്പെടുത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടേണ്ട സമയം അതിക്രമിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഈ യുദ്ധം ഇന്ന് തന്നെ അവസാനിപ്പിക്കേണ്ടതാണ്. ഉക്രെയ്ൻ ജനത അനുഭവിക്കേണ്ടി വന്ന ക്രൂരതകളുടെ ഒരേയൊരു ഉത്തരവാദി പുടിൻ ആണ്. ഏതു നിമിഷവും അത് അവസാനിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും. പകരം, ദുരിതമനുഭവിക്കുന്ന ഉക്രെയ്നെതിരെ കൂടുതൽ മിസൈലുകൾ അയച്ച് ഉക്രെയ്ൻ ജനതയെ കൂടുതൽ ദ്രോഹിക്കാനാണ് പുടിൻ ശ്രമിക്കുന്നതെന്നും കിർബി പറഞ്ഞു.