യുഎഇ യിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്
ദുബായ്: ഞായറാഴ്ച മുഴുവൻ യുഎഇയിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ വെബ്‌സൈറ്റിൽ ഞായറാഴ്ച രാവിലെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാമെന്നും കടൽ പ്രക്ഷുബ്ധമാകുമെന്നും അറേബ്യൻ ഗൾഫിൽ തിരമാലകൾ മൂന്ന് മീറ്റർ വരെ ഉയരുമെന്നും അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം വരെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ് ഫെബ്രുവരി 7 തിങ്കളാഴ്ച വരെ തുടരുമെന്നാണ് പ്രവചനം.
തിങ്കളാഴ്‌ച പകലും രാത്രിയും തണുപ്പ് അനുഭവപ്പെടുമെന്നും, വരുന്ന ആഴ്‌ച മുഴുവൻ പൊടിയും മേഘാവൃതവുമായ കാലാവസ്ഥ തുടരുമെന്നും വടക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ബുധനാഴ്ചയോടെ ശക്തമായ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.