മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊച്ചി: സാംസ്കാരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് കേരളം മനോഹരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശ്ശേരിയിൽ നടന്ന ബി ജെ പി പൊതുയോഗത്തിൽ പങ്കെടുത്ത അദ്ദേഹം മലയാളികൾക്ക് ഓണാശംസകൾ നേർന്നു. ഓണത്തോടനുബന്ധിച്ച് കേരളത്തിലെത്താൻ കഴിഞ്ഞത് തന്‍റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വിശ്വാസത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ വലിയ ലക്ഷ്യങ്ങളോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം കസവു മുണ്ടു ധരിച്ചാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ 2 ലക്ഷം വീടുകളുടെ നിർമ്മാണം ആരംഭിച്ചതായും ഒരു ലക്ഷം വീടുകൾ പൂർത്തിയാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ 36 ലക്ഷം രോഗികൾക്ക് സൗജന്യ ചികിത്സ നൽകി. 3000 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനാണ് മുൻകൈയെടുക്കുന്നത്. ആധുനിക വികസന പദ്ധതികളുടെ നടത്തിപ്പിനായി കേരളത്തിൽ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചു. അഭൂതപൂർവമായ പിന്തുണയാണ് കേന്ദ്രം കേരളത്തിന് നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.