നിയമലംഘനം നടന്നാൽ മാത്രം പിൻവലിക്കാം; ചാൻസലറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി
കൊച്ചി: ചാൻസലറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നാമനിർദേശം ചെയ്യപ്പെട്ടവർ നിയമം ലംഘിച്ചാൽ മാത്രമേ അവരിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്ന് പറയാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ചാൻസലറുടെ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സെനറ്റ് ഒരാളെ സെർച്ച് കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്താൽ പ്രശ്നം പരിഹരിക്കപ്പെടില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. കേരള സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ 15 അംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിച്ചപ്പോൾ പുറത്താക്കൽ ഉത്തരവ് കോടതിയുടെ മുന്നിലെത്തി. ഇതിൽ പ്രീതി പിൻവലിക്കുന്നു എന്ന് ചാൻസലർ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, മറ്റു വിശദീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം. പ്രീതി വ്യക്തിപരമല്ല. ഭരണഘടനാപരമായി നിയമപരമായി അനുവദനീയമായ അവകാശമാണതെന്ന് കോടതി ചാൻസലറെ ഓർമ്മിപ്പിച്ചു. നാമനിർദേശം ചെയ്യപ്പെട്ട അംഗം നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ പ്രീതി പിൻവലിക്കാൻ കഴിയൂവെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുമ്പോൾ, നിയമലംഘനം എന്താണെന്ന് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.