24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും; വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത
കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് ശ്രീലങ്കന്‍ തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവില്‍ തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യ ഭാഗത്താണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുനമര്‍ദ്ദമായി മാറി തമിഴ്നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ മാര്‍ച്ച് 5, 6, 7 തീയതികളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. വേനല്‍ക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പകല്‍ താപനില വല്ലാതെ കൂടിയിട്ടുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.