വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തി; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി ഡോക്ടർമാർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ രോഗിയുടെ മരണ വിവരം ബന്ധുക്കളെ അറിയിച്ച ഡോക്ടർക്ക് നേരെ ആക്രമണം. ബ്രെയിൻ ട്യൂമറിന് സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സ തേടിയ രോഗിയുടെ ഭർത്താവാണ് വനിതാ ഡോക്ടറെ ആക്രമിച്ചത്. വീഴ്ചയിൽ പരുക്കേറ്റ ഡോക്ടർ ചികിത്സയിലാണ്. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പുലർച്ചെയാണ് രോഗി മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പി.ജി ഡോക്ടർ രോഗിയുടെ ഭർത്താവായ കൊല്ലം , വെളിച്ചിക്കാല സ്വദേശി ശെന്തിൽ കുമാറിനോട് പറയവേ ആണ് ആക്രമണം ഉണ്ടായത്. മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട വനിതാ ഡോക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൃതദേഹവുമായി സെന്തിൽകുമാർ കൊല്ലത്ത് പോയതിനാൽ അവിടെ പോലീസുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കും.