വനിതാ ടി20; ഇന്ത്യയ്ക്കെതിരെ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ
മുംബൈ: ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾക്ക് ജയം. ജയത്തോടെ 3-1ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ പൊരുതിയെങ്കിലും 7 റൺസിന് പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും ശേഷിച്ച മൂന്ന് മത്സരങ്ങളും തോറ്റു. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 188 റൺസ്, ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റിന് 181 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അലിസ ഹീലി (30), ആഷ്ലി ഗാർഡ്നർ (42), എലിസ് പെറി (72), ഗ്രേസ് ഹാരിസ് (27) എന്നിവരുടെ മികവിൽ മികച്ച സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ വിക്കറ്റ് കീപ്പർ റിച്ച ഗോഷ് അവസാന ഓവറുകളിൽ 40 റൺസ് നേടി ആഞ്ഞടിച്ചെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല.