ആരോപണം നിഷേധിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ.
തിരുവനന്തപുരം :
ഭർതൃ പീഡനത്തെക്കുറിച്ച് പരാതി പറഞ്ഞ യുവതിയോട് ക്ഷോഭിച്ച് സംസാരിച്ചിട്ടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. ആരോപണം താൻ നിഷേധിക്കുകയാണെന്ന് പറഞ്ഞ ജോസഫൈൻ സംഭവത്തിൽ സ്വയം ന്യായീകരിച്ചു. അത്തരത്തിൽ പല വീഡിയോകളും വരും അത് നിങ്ങൾ ഈ അവസരത്തിൽ ഏറ്റെടുത്ത് ചർച്ചയാകുകയല്ല വേണ്ടതെന്ന് ജോസഫൈൻ പറഞ്ഞു. ഭർത്യപീഡനത്തിന് ഇരയായ ആളോടുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രതികരണത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
'ഞങ്ങളും പച്ചയായ മനുഷ്യരാണ് ഓരോ ദിവസവും ഞങ്ങൾ കടുത്ത മാനസിക സമ്മർദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാരണം അത്രമാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്' ജോസഫൈൻ പറഞ്ഞു.
സ്ത്രീകൾക്ക് പുരുഷൻമാരിൽ നിന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ നേരിട്ട് വനിതാ കമ്മീഷനിലേക്ക് ഓടിയെത്താനാകില്ല. പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ പറയും. അങ്ങനെ ചെയ്താൽ കേസിന് കൂടുതൽ ബലം ലഭിക്കും ഇത് എല്ലാ പരാതിക്കാരോടും പറയുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
തങ്ങൾ പറയുന്ന കാര്യങ്ങൾ യഥാവിധി കേട്ടില്ലെങ്കിൽ ചിലപ്പോൾ ഉറച്ച ഭാഷയിൽ സംസാരിക്കേണ്ടി വന്നേക്കാം. അങ്ങനെ ബോൾഡായി സംസാരിക്കേണ്ട സന്ദർഭങ്ങൾ വരാറുണ്ട് എന്ന് ജോസഫൈൻ പറഞ്ഞു.
ഗാർഹിക പീഡനം നേരിടുന്നവർക്ക് തത്സമയം പരാതി നൽകാനായി വാർത്താചാനൽ നടത്തിയ പരിപാടിയിലാണ് ഭർത്താവ് ഉപദ്രവിക്കുന്നെന്ന് പറഞ്ഞ യുവതിയോട് വനിതാ കമ്മീഷൻ അധ്യക്ഷ അപമര്യാദയായി പെരുമാറി എന്ന ആരോപണം നേരിടുന്നത് . യുവതി സംസാരിച്ച് തുടങ്ങിയതു മുതൽ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ പെരുമാറി എന്നതാണ് പ്രധാന ആരോപണം. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭർത്താവ് നിരന്തരം ഉപദ്രവിക്കുന്നതായും കൊച്ചിയിൽ നിന്ന് വിളിച്ച യുവതി പരാതി പറഞ്ഞു. 89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേൾക്കണമെങ്കിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട എം സി ജോസഫൈനെതിരെ മുൻപും രൂക്ഷ വിമർശനം ഉയർന്നിരുന്നു.
സർക്കാർ സംവിധാനങ്ങളിൽ ഉള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് അടക്കം തള്ളി വിടുന്നതാണ് ജോസഫൈന്റെ ഇരയോടുള്ള തൽസമയ പ്രതികരണമെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു.
ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്നും അവരുടെ പരിഗണനയിൽ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.