സ്ത്രീപക്ഷ നവകേരളം ജില്ലാതല ഉദ്ഘാടനം നടന്നു

സ്ത്രീധനത്തിനെതിരെയും സ്ത്രീ പീഡനത്തിനെതിരെയും കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം നടന്നു. ഇരിങ്ങാലക്കുട എസ് എൻ ക്ലബ്ബ് ഹാളിൽ നടന്ന ക്യാമ്പയിനിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. ഉദ്ഘാടന ശേഷം സ്ത്രീപക്ഷ നവകേരളം പ്രതിജ്ഞ ചൊല്ലി. സ്ത്രീധനം എന്ന വിഷയം സമൂഹമധ്യത്തിൽ ചർച്ചയിൽ കൊണ്ടുവരികയും ഇത്തരം കീഴ് വഴക്കത്തെ ഇല്ലാതാക്കുകയുമാണ് ക്യാമ്പയിൻ ലക്ഷ്യം വയ്ക്കുന്നത്. ഇതിനോടൊപ്പം അതിക്രമങ്ങളും അസമത്വങ്ങളും ഇല്ലാതാക്കുന്നതിനായി ലിംഗപദവി സമത്വത്തെ കുറിച്ചുള്ള ചർച്ചകൾ സ്ത്രീകൾ ഉൾപ്പെടെ സ്കൂൾ വിദ്യാർത്ഥികൾ, യുവജന സംഘടനകൾ, പ്രാദേശിക സാമൂഹിക രാഷ്ട്രീയ സംഘടനകൾ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവർക്കിടയിൽ സജീവമാക്കുകയും തുല്യ നീതിയിലധിഷ്ഠിതമായ നവകേരളം സൃഷ്ടിക്കുകയുമാണ് ക്യാമ്പയിനിൻ്റെ മറ്റു ലക്ഷ്യങ്ങൾ. ഇതിൻ്റെ ഭാഗമായി പോസ്റ്റർ ക്യാമ്പയിനിൽ തുടങ്ങി ജൻഡർ റീൽസ്, ഹാഷ് ടാഗ്, ചുവർചിത്രക്യാമ്പയിൻ, സ്ത്രീധനത്തെക്കുറിച്ചുള്ള അഭിപ്രായ സർവ്വേ, സിഗ്നേച്ചർ ക്യാമ്പയിൻ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. തുടർന്ന് ക്യാമ്പയിൻ പ്രചാരണ വിളംബര ജാഥയുടെ ഭാഗമായി 150 ഓളം കുടുംബശ്രീ അംഗങ്ങളുടെ ഇരുചക്രറാലി എസ് എൻ ക്ലബ്ബ് ഹാളിലേക്ക് നടത്തുകയും ചെയ്തു. തുടർന്ന് ഉദ്ഘാടന വേദിയിൽ രണ്ട് വർഷം പൂർത്തിയാക്കിയ സിഡിഎസ് ചെയർപേഴ്സൺമാർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ എല്ലാ വാർഡുകളിലുമുള്ള ഓക്സിലറി ഗ്രൂപ്പ്, അയൽക്കൂട്ടം എന്നിവിടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ 'സ്ത്രീധനവും അതിക്രമവും' എന്ന വിഷയത്തിൽ ചർച്ചകൾ നടത്തും. ചടങ്ങിൽ ജില്ലയിലെ ഏക ട്രാൻസ് ജൻഡർ അയൽക്കൂട്ടമായ മതിലകം ഗ്രാമപഞ്ചായത്തിലെ കിരണം അയൽക്കൂട്ട അംഗങ്ങളുടെ കലാപരിപാടികൾ ശ്രദ്ധേയമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥികളായി കുടുംബശ്രീ ഗവേർണിംഗ് ബോഡി അംഗം കെ ആർ ജോർജ്, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ജെൻഡർ യു മോനിഷ വിഷയാവതരണം നടത്തി.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ചന്ദ്രൻ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡണ്ട് എസ് ബസന്ത് ലാൽ,

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അനൂപ്, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുടുംബശ്രീ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോർഡിനേറ്റർ എസ് സി നിർമൽ സ്വാഗതവും കുടുംബശ്രീ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Related Posts