വനിതാ ടി20 ലോകകപ്പ്; ഇന്ത്യ - ഓസ്ട്രേലിയ സെമി ഫൈനൽ ഇന്ന‍്
കേപ്ടൗൺ: വനിതാ ടി 20 ലോകകപ്പിന്‍റെ ആദ്യ സെമി ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങി ഇന്ത്യൻ വനിതകൾ. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ന്യൂലാൻഡ്സ് പാർക്ക് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. നാല് കളികളിൽ മൂന്നിലും ഇന്ത്യ വിജയം നേടി. ഇംഗ്ലണ്ടിനോട് മാത്രമാണ് തോറ്റത്. അതേസമയം ഗ്രൂപ്പ് എയിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ചാണ് ഓസ്ട്രേലിയ സെമിയിലെത്തിയത്. ഫൈനൽ ഞായറാഴ്ചയാണ്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ 19 വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യ വിജയിച്ചിരുന്നു. ഇന്ത്യൻ കൗമാരക്കാരുടെ പാത പിന്തുടരാനാണ് സീനിയർ ടീമും ശ്രമിക്കുന്നത്.