വനിതാ ടി20 ലോകകപ്പ്: സെമിയിൽ ഇന്ത്യയ്ക്ക് അഞ്ച് റൺസ് തോൽവി
കേപ്ടൗൺ: വനിതാ ടി20 ലോകകപ്പിലെ ഇന്ത്യൻ യാത്രയ്ക്ക് സെമിഫൈനലിൽ അവസാനം. സെമിഫൈനലിൽ ഓസ്ട്രേലിയയോട് അഞ്ച് റൺസിനാണ് ഇന്ത്യ തോറ്റത്. ഓസ്ട്രേലിയ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസ് കരസ്ഥമാക്കിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34 പന്തിൽ 52), ജെമിമ റോഡ്രിഗസ് (24 പന്തിൽ 43), ദീപ്തി ശർമ (17 പന്തിൽ 20) എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ജയിക്കാനായില്ല. ആദ്യ മൂന്ന് വിക്കറ്റുകൾ നാല് ഓവറിൽ തന്നെ വീണതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഓപ്പണർ സ്മൃതി മന്ഥന (5 പന്തിൽ 2), ഷെഫാലി വർമ്മ (6 പന്തിൽ 9), യാസ്തിക ഭാട്ടിയ (7 പന്തിൽ 4) എന്നിവർ കാര്യമായ സംഭാവന നൽകാതെ പുറത്തായി. നാലാം വിക്കറ്റിൽ ഹർമൻപ്രീതും ജെമീമയും ചേർന്ന് സ്വന്തമാക്കിയ 69 റൺസാണ് ഇന്ത്യയ്ക്ക് ശക്തിയായത്. 11-ാം ഓവറിൽ ജെമീമ പുറത്തായതോടെ ആ കൂട്ടുകെട്ടും തകർന്നു. 15-ാം ഓവറിൽ ഹർമൻപ്രീത് കൗർ റണ്ണൗട്ടായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു.