പരീക്ഷാ ഹാളിൽ ഷോർട്സ് ധരിച്ചെത്തി, കർട്ടൻ കൊണ്ട് കാല് കെട്ടിമറച്ച് കോളെജ് അധികൃതർ
ഷോർട്സ് ധരിച്ച്, കാല് കാണിച്ച് നൃത്തം ചെയ്ത വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചതിന് മലയാളികളുടെ പ്രിയപ്പെട്ട ഗായിക സയനോരയ്ക്ക് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നെങ്കിൽ, ഷോർട്സിട്ടതിന് പത്തൊമ്പതുകാരിയായ ഒരു അസമീസ് പെൺകുട്ടി നേരിട്ടത് അതിലും ക്രൂരമായ അവഹേളനവും മാനസിക പീഡനവും. അസം തലസ്ഥാനമായ ഗുവാഹതിയിലാണ് പരീക്ഷാ ഹാളിൽ ഷോർട്സ് ധരിച്ചു വന്നതിന് പെൺകുട്ടിക്ക് പ്രാകൃതമായ രീതിയിൽ അവഹേളനം ഏറ്റുവാങ്ങേണ്ടി വന്നത്.
അസം അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയുടെ എൻട്രൻസ് പരീക്ഷയ്ക്ക് പ്രത്യേകിച്ച് ഡ്രസ് കോഡൊന്നും നിർദേശിച്ചിരുന്നില്ലെന്ന് പെൺകുട്ടി പറയുന്നു. തേസ്പൂരിലെ ഗിരിജനന്ദ ചൗധരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആയിരുന്നു പരീക്ഷാ കേന്ദ്രം. ബിശ്വന്ത് ചരിയാലി എന്ന പട്ടണത്തിൽ നിന്ന് തേസ്പൂരിലുള്ള പരീക്ഷാ കേന്ദ്രത്തിലേക്ക് പിതാവിനൊപ്പമാണ് പെൺകുട്ടി വന്നത്. ഷോർട്സ് ധരിച്ച് പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന് അധികൃതർ തറപ്പിച്ചു പറഞ്ഞത്രേ. അടുത്തിടെ നടന്ന നീറ്റ് പരീക്ഷയ്ക്കും താൻ ഷോർട്സ് ധരിച്ചാണ് പോയതെന്ന് പെൺകുട്ടി പറഞ്ഞെങ്കിലും ഇൻവിജിലേറ്റർ വഴങ്ങിയില്ല.
അങ്കലാപ്പിലായ പെൺകുട്ടി പരീക്ഷാ കേന്ദ്രത്തിൻ്റെ ഗേറ്റിന് പുറത്ത് കാത്തു നിന്നിരുന്ന പിതാവിൻ്റെ അടുത്തേക്കോടി. വിവരം അറിഞ്ഞയുടനെ പരിഭ്രാന്തനായ പിതാവ് പുതിയ വസ്ത്രം വാങ്ങാൻ അടുത്തുള്ള മാർക്കറ്റിലേക്കും വെച്ചുപിടിച്ചു. ഓട്ടപ്പാച്ചിലെല്ലാം കഴിഞ്ഞ് പുതിയ വസ്ത്രവുമായി തിരിച്ചെത്തിയ പിതാവ് കണ്ടത് കാൽ രണ്ടും കർട്ടൻ കൊണ്ട് കെട്ടിമറച്ചിരുന്ന് പരീക്ഷയെഴുതുന്ന പെൺകുട്ടിയെ. ഇൻവിജിലേറ്റർ നിർബന്ധപൂർവം പെൺകുട്ടിയുടെ കാലുകൾ കർട്ടൻ കൊണ്ട് കെട്ടി മറക്കുകയായിരുന്നു. അങ്ങേയറ്റം അപമാനകരമായ ദുരനുഭവമാണ് തൻ്റെ മകൾക്കുണ്ടായതെന്ന് പെൺകുട്ടിയുടെ പിതാവ് ബാബുൾ തമുലി മാധ്യമങ്ങളോട് പറഞ്ഞു.