ഇന്ന് ലോക അൽഷിമേഴ്സ് ദിനം, രോഗം തിരിച്ചറിയാനുള്ള 7 ലക്ഷണങ്ങൾ ഇവയാണ്

ഇന്ന് ലോക അൽഷിമേഴ്സ് ദിനം. ഒരു ന്യൂറോ ഡിജെനറേറ്റീവ് രോഗമായ അൽഷിമേഴ്സ് പതിയെ തുടങ്ങി പടിപടിയായി പുരോഗമിച്ച് രോഗബാധിതരുടെ വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതങ്ങളെ അപ്പാടെ തകിടം മറിക്കുന്ന അസുഖമാണ്. സാധാരണ 65 വയസ്സിനു മുകളിൽ പ്രായമായവരെ ബാധിക്കുന്ന അസുഖമായാണ് അൽഷിമേഴ്സ് കണക്കാക്കപ്പെടുന്നത്. ചിത്തഭ്രമം, മതിഭ്രമം, മേധാക്ഷയം എന്നെല്ലാം പല പേരുകളിൽ നാം വിളിക്കുന്ന ഡിമെൻഷ്യയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് അൽഷിമേഴ്സ്.

താഴെ പറയുന്നവയാണ് അൽഷിമേഴ്സ് രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ

  1. ഓർമക്കുറവ്

ഒരാൾ അൽഷിമേഴ്സ് ബാധിതനാണെന്ന് സൂചിപ്പിക്കുന്ന പ്രധാന ലക്ഷണം ഓർമക്കുറവാണ്. മറവിയെ ഒരു രോഗമായി കണക്കാക്കാനാവില്ല. എന്നാൽ, അൽഷിമേഴ്സ് രോഗികളിൽ ഓർമക്കുറവ് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. സുഹൃത്തിൻ്റെ വീട്ടിലോ ബന്ധുവീട്ടിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലുമോ സന്ദർശനം നടത്തിയ ഒരാൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അതേപ്പറ്റി പൂർണമായി മറന്നു പോകുക. അല്ലെങ്കിൽ, വീട്ടിലെ കുളിമുറി പോലുള്ള വളരെ പരിചിതമായ സ്ഥലത്തെപ്പറ്റി ആശയക്കുഴപ്പം നേരിടുക. അതുമല്ലെങ്കിൽ, സ്ഥിരമായി താക്കോൽ സൂക്ഷിക്കുന്നതോ മറ്റു വസ്തുക്കൾ സൂക്ഷിച്ചു വെയ്ക്കുന്നതോ എവിടെയെന്ന് മറന്നു പോവുക. നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഇത്തരം അനുഭവങ്ങൾ ആവർത്തിച്ചു വരുന്നുണ്ടെങ്കിൽ സൂക്ഷിക്കുക, നിങ്ങൾ അൽഷിമേഴ്സ് ബാധിതനാവാനുള്ള സാധ്യതയുണ്ട്.

  1. പണം കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട്

പണം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ, അതായത്, കണക്കുകൂട്ടുന്നതിനോ മറ്റോ നേരത്തേ ബുദ്ധിമുട്ടുകൾ ഒന്നും നേരിട്ടിട്ടില്ലാത്ത ഒരാൾക്ക് പ്രാഥമികമായ കണക്കുകൂട്ടലുകൾ പോലും നടത്താനോ, പണം കൈകാര്യം ചെയ്യാനോ, ബില്ലുകൾ അടയ്ക്കാനോ ഒക്കെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് അൽഷിമേഴ്സിൻ്റെ ആദ്യ സൂചനകളിൽ ഒന്നാണ്.

  1. വിഷാദവും മാനസികാവസ്ഥയിലെ അടിക്കടിയുള്ള മാറ്റങ്ങളും

അൽഷിമേഴ്സ് ബാധിതനായ ഒരാൾക്ക് മാനസികാവസ്ഥയിൽ പല തരത്തിലുള്ള മാറ്റങ്ങൾ കാണാറുണ്ട്. വിഷാദരോഗം അൽഷിമേഴ്സിൻ്റെ നേരത്തെയുള്ള ലക്ഷണമാണ്. 'മൂഡ് സ്വിങ്സ് ' അഥവാ മാനസികാവസ്ഥയിൽ അപ്രതീക്ഷിതവും അകാരണവുമായി വന്നു ചേരുന്ന മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

2. തീരുമാനം എടുക്കാൻ കഴിയാതിരിക്കൽ

അൽഷിമേഴ്സ് ബാധയുടെ മറ്റൊരു ശ്രദ്ധേയമായ ലക്ഷണം തീരുമാനങ്ങൾ എടുക്കാൻ പ്രയാസങ്ങൾ അനുഭവപ്പെടുന്നതാണ്. ശരിതെറ്റുകളെയും ഗുണദോഷങ്ങളെയും വിലയിരുത്തിയും വിശകലനം ചെയ്തും തീരുമാനങ്ങൾ എടുത്തു പോന്നിരുന്ന ഒരു വ്യക്തി അങ്ങനെയല്ലാതായി മാറുന്നെങ്കിൽ അൽഷിമേഴ്സ് ഒരു കാരണമാവാം.

3. ഏകാഗ്രതയില്ലായ്മ

നേരത്തേ നന്നായി ചെയ്തിരുന്ന സാധാരണ ജോലിയിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കാര്യമായ പ്രശ്നങ്ങൾ നേരിടുന്നതായി തോന്നുന്നുണ്ടെങ്കിൽ അൽഷിമേഴ്സിനെ കരുതിയിരിക്കുന്നത് നല്ലതാണ്.

4. ആശയ വിനിമയത്തിനുളള ബുദ്ധിമുട്ട്

വാക്യങ്ങൾ രൂപീകരിക്കാൻ അനുയോജ്യമായ പദങ്ങൾ കണ്ടെത്താൻ അൽഷിമേഴ്സ് ബാധിതർക്ക് പ്രയാസങ്ങൾ അനുഭവപ്പെടാറുണ്ട്. നേരത്തേ അനായാസം സംസാരിച്ചിരുന്നവരും മറ്റു വിധത്തിൽ ആശയ വിനിമയത്തിൽ പ്രയാസം നേരിടാത്തവരും ഈ വിധത്തിൽ പെരുമാറുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

5. അസ്വസ്ഥത

ബന്ധുക്കളെ തിരിച്ചറിയാനോ അവരുടെ പേരുകൾ ഓർമിക്കാനോ അൽഷിമേഴ്സ് രോഗികൾ പ്രയാസപ്പെടാറുണ്ട്. തൻ്റെ പരിമിതികളെ കുറിച്ചുള്ള ആശങ്കകൾ അവരെ അസ്വസ്ഥരാക്കാറുണ്ട്. ആവർത്തിച്ചുള്ള ചിലതരം ചലനങ്ങളിലൂടെയോ പ്രവൃത്തികളിലൂടെയോ ആവാം ഇത്തരം അസ്വസ്ഥതകൾ മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിക്കാറ്. ഉന്മാദം എന്ന് വിശേഷിപ്പിക്കുന്ന ഭ്രമാത്മകതയും കണ്ടുവരാറുണ്ട്.

അൽഷിമേഴ്സിനെ സംബന്ധിച്ച് ഏറ്റവും ശ്രദ്ധേയമായ വസ്തുത പൊതുവെ സ്വന്തം നിലയിൽ രോഗികൾ തങ്ങളുടെ രോഗത്തെ മനസ്സിലാക്കാറില്ല എന്നതാണ്. ഓർമക്കുറവും പ്രയാസങ്ങളും മറ്റുമായി പരാതിപ്പെടുമെങ്കിലും അവ വലിയൊരു രോഗത്തിൻ്റെ ലക്ഷണങ്ങളായി അവർ തിരിച്ചറിയാറില്ല. കുടുംബാംഗങ്ങളാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. പ്രായം ചെന്ന പ്രിയപ്പെട്ടവരുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അപാകതയുണ്ടെന്ന് തോന്നിയാൽ കരുതലോടെ നേരിടണം. സക്രിയമായ സാമൂഹ്യ ജീവിതം നയിച്ചിരുന്നവർ പതിയെ പതിയെ, മറ്റു ശാരീരിക അസ്വസ്ഥതകൾ ഇല്ലാതെ തന്നെ സ്വയം പിൻവാങ്ങുന്നതായും ഉൾവലിയുന്നതായും തോന്നിയാൽ ഒരു ന്യൂറോളജിസ്റ്റുമായി ഉടനെ ബന്ധപ്പെടണം.

Related Posts