ആഗോള താപനം: ഒരു രാജ്യവും സുരക്ഷിതമല്ലെന്ന് യു എൻ കാലാവസ്ഥാ മേധാവി

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ആഗോള താപനമെന്നും അതിൻ്റെ അപകടങ്ങളിൽ നിന്ന് ലോകത്തെ ഒരു രാജ്യവും സുരക്ഷിതമല്ലെന്നും ഐക്യരാഷ്ട്രസഭ കാലാവസ്ഥാ മേധാവി പട്രീഷ്യ എസ്പിനോസ. കാലാവസ്ഥാ വ്യതിയാനത്തെയും ആഗോള താപനത്തെയും ചെറുക്കാനുള്ള നടപടിക്രമങ്ങളിൽ വീഴ്ചയും കാലതാമസവും വരുത്തുന്നത് ലോകത്തിൻ്റെ നിലനിൽപ്പിനാകെ ഭീഷണിയാണെന്നും അവർ അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ മാറ്റത്തിൻ്റെ അതിരൂക്ഷമായ പ്രത്യാഘാതങ്ങൾ ലോകം അനുഭവിക്കുകയാണ്. ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും പുറമേ മധ്യയൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെയുണ്ടായ ശക്തമായ ഉഷ്ണ തരംഗങ്ങളും വെള്ളപ്പൊക്കവും കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ചരിത്രത്തിൽ മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിൽ അതികഠിനമായ ഉഷ്ണതരംഗങ്ങൾ അനുഭവപ്പെട്ട ഗ്രീസിൽ പുതിയതായി ഒരു കാലാവസ്ഥാ മന്ത്രാലയം തന്നെ രൂപീകരിച്ചിട്ടുണ്ട്. ജർമനി, ബൽജിയം, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള ഊർജിതമായ നടപടികളിലേക്ക് കടക്കുകയാണ്.

ആഗോള താപനത്തിൻ്റെ കെടുതികൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഏത് രാജ്യത്തെയാണ് എന്നത് പ്രവചിക്കാനാവില്ലെന്ന് യു എൻ കാലാവസ്ഥാ മേധാവി അഭിപ്രായപ്പെട്ടു. ലോകം ഒന്നടങ്കം അതിൻ്റെ ഭീഷണിയിലാണ്. നവംബറിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ വലിയ പ്രാധാന്യമാണ് അവരുടെ വാക്കുകൾക്ക് കൽപ്പിക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുള്ള 100 ബില്യൺ അമേരിക്കൻ ഡോളറിൻ്റെ ധനസഹായം ഇരട്ടിയാക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Related Posts