ലോകകപ്പ് സൗഹൃദ മത്സരം; യുഎഇയെ എതിരില്ലാതെ 5 ഗോളിന് തകർത്ത് അര്‍ജന്റീന
അബുദബി: ഖത്തർ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയം. സൗഹൃദമത്സരമായിരുന്നുവെങ്കിലും യു.എ.ഇക്കെതിരെ കളിക്കളത്തിൽ അത്ര സൗഹൃദത്തിലല്ലാഞ്ഞ മെസിയും കൂട്ടരും എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മത്സരം ജയിച്ചത്. ജൂലിയൻ അൽവാരസ്, എയ്ഞ്ചൽ ഡി മരിയ, ലയണൽ മെസി, ജാക്വിന്‍ കൊറിയ എന്നിവർ പന്ത് വലയിലാക്കി ഖത്തർ മണ്ണിൽ അർജന്‍റീനയുടെ മുന്നേറ്റത്തിനായി കാത്തിരുന്ന ആരാധകരുടെ മനസ്സ് നിറച്ചു. ലയണൽ സ്കലോനി അർജന്‍റീനൻ ടീമിനെ 4-4-2 ഫോർമേഷനിൽ ആണ് ഇറക്കിയത്. മാക് അല്ലിസ്റ്ററും ഡി മരിയയും വിംഗുകളിലൂടെ അർജന്‍റീനയുടെ ആക്രമണങ്ങൾ ശക്തിപ്പെടുത്തി. ഒപ്പം അവരുടെ മിഡ്ഫീൽഡിന്‍റെ ജീവനാഡിയായ ഡി പോൾ, ഡാനിയേൽ പരെഡെസ് എന്നിവരും. മാർക്കോസ് അക്യൂന, ലിസാന്ദ്രോ മാർട്ടിനെസ്, നിക്കോളാസ് ഒട്ടാമെൻഡി, യുവാൻ ഫോയ്ത്ത് എന്നിവരാണ് പ്രതിരോധത്തിലുണ്ടായിരുന്നത്. അർജന്‍റീനയുടെ കോപ്പ അമേരിക്ക ഹീറോ എമിലിയാനോ മാർട്ടിനെസ് ആയിരുന്നു ബാറിന് താഴെ.