ലോകകപ്പ് വിജയം; അര്‍ജന്‍റീനയുടെ കറന്‍സിയില്‍ ഇനി മെസിക്കും ഇടമെന്ന് റിപ്പോര്‍ട്ട്
അർജന്റീന: ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്‍റീനയുടെ കറൻസികളിൽ ലയണൽ മെസി ഇടം പിടിച്ചേക്കുമെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള സ്പോർട്സ് താരമായ മെസിയുടെ ഫൈനല്‍ മത്സരത്തിലെ നിര്‍ണായക പങ്കിനുള്ള ബഹുമതിയെന്നാണ് റിപ്പോർട്ടുകൾ. 36 വർഷങ്ങൾക്ക് ശേഷം നേടിയ ലോകകപ്പ് വിജയം ആഘോഷിക്കുകയാണ് അർജന്‍റീനയും ആരാധകരും. ബാങ്ക് ഓഫ് അർജന്‍റീനയുടെ റെഗുലേറ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെസ്സിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തതായാണ് വിവരം. തുടക്കത്തിൽ ഒരു തമാശയുടെ രൂപത്തിലാണ് നിർദ്ദേശം മുന്നോട്ട് വെച്ചതെങ്കിലും, യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവർ ഈ നിർദ്ദേശത്തെ പിന്തുണക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അർജന്‍റീനയുടെ കറൻസിയായ പെസോയിൽ മെസിയുടെ മുഖമുള്ള ഡമ്മി ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.