വിസ്മയക്കാഴ്ചകളുമായി ദുബായ് എക്സ്പോയ്ക്ക് ആവേശത്തുടക്കം

ദുബായ്: വിസ്മയക്കാഴ്ചകളുമായി ലോക എക്സ്പോ 2020-യ്ക്ക് ദുബായിൽ തുടക്കമായി. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം എട്ടുമണിക്ക് വെളിച്ചത്തിന്റെ വിസ്മയങ്ങളൊരുക്കിയ എക്സ്പോ വേദിയിലെ അൽ വാസൽ പ്ലാസയിൽ ഔദ്യോഗികമായി മേളയ്ക്ക് തുടക്കം കുറിച്ചു. ഇനിവരുന്ന ആറുമാസങ്ങൾ ദുബായ്ക്ക് ആഘോഷത്തിന്റെ ദിനങ്ങൾ. വർണാഭമായ പരിപാടികളോടെ ഉദ്ഘാടനചടങ്ങുകൾ ദുബായിൽ നടന്നു. മൂന്നുഭാഗങ്ങളായി വേർതിരിച്ച് ഏതാണ്ട് 90 മിനിറ്റായിരുന്നു ചടങ്ങ്. യു എ ഇ ദേശീയഗാനം ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യഭാഗത്ത് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മേളയിൽ പങ്കെടുക്കുന്ന എല്ലാരാജ്യങ്ങളെയും പരിചയപ്പെടുത്തലായിരുന്നു രണ്ടാംഭാഗം. ഓസ്കാർ ജേതാവ് എ ആർ റഹ്മാന്റെ നേതൃത്വത്തിലുള്ള ഫിർദൗസ് ഓർക്കസ്ട്രയുടെ സംഗീതത്തോടൊപ്പം യു എ ഇ പതാകയും ബി ഐ ഇ പതാകയും വേദിയിൽ ഉയർന്നു. എല്ലാരാജ്യങ്ങളെയും സന്ദർശകരെയും സ്വാഗതം ചെയ്യുന്നതിനായി കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറി. വെടിക്കെട്ടും ആഘോഷത്തിന്റെ മാറ്റുകൂട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാകാരൻമാരാണ് ഉദ്ഘാടന പരിപാടികളിൽ​ അണിനിരന്നത്​. ഇമാറാത്തി യുവതീയുവാക്കളും കുട്ടികളും പ​ങ്കെടുത്തു.

ക്ഷണിക്കപ്പെട്ടവര‍ക്കുമാത്രമായിരുന്നു ഉദ്ഘാടനപരിപാടികൾ നേരിട്ട് കാണുവാനുളള അവസരം. എന്നാൽ യു എ ഇയിലെ 430 ലേറെ സ്ഥലങ്ങളിൽ ആഘോഷത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു.

​പൊതുജനങ്ങൾക്ക് ഇന്ന് മുതൽ പ്രവേശനം അനുവദിക്കും. ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് എക്സ്പോയിൽ പങ്കെടുക്കുന്നത്. മേള 2022 മാർച്ച് 31വരെ തുടരും.

ലോകത്തെ സ്വാഗതം ചെയ്യാനായി യു എ ഇ അണിഞ്ഞൊരുങ്ങി. സർക്കാർ ജീവനക്കാർക്ക് ഒരാഴ്ചവരെ നീളുന്ന ശമ്പളത്തോടുകൂടിയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന എക്സ്പോയിൽ പങ്കെടുക്കാൻ 2022 മാർച്ച് 31 വരെ എപ്പോൾ വേണമെങ്കിലും ജീവനക്കാർക്ക് അവധി എടുക്കാം. കുടുംബസമേതം ജീവനക്കാർക്ക് എക്സ്പോയിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവധി പ്രഖ്യാപനം.

Related Posts