ദുബൈ എക്സ്പോയിലെ ആകർഷകമായ ഇന്ത്യൻ പവലിയൻ

ലോക പ്രശസ്തമായ ദുബൈ എക്സ്പോയിലെ ആകർഷകമായ ഇന്ത്യൻ പവലിയൻ ഇത്തവണ ആഗോള ശ്രദ്ധ പിടിച്ചുപറ്റും.

ലോകം കാത്തിരിക്കുന്ന മഹാമേളയാണ് ദുബൈ എക്സ്പോ. ലോക രാജ്യങ്ങൾ മുഴുവൻ പങ്കെടുക്കുന്ന ഭൂമുഖത്തെ മെഗാ ഈവൻ്റ്. കല, സംസ്കാരം, സംരംഭകത്വം, വ്യാപാരം, ഭക്ഷണ വൈവിധ്യം, സാങ്കേതിക വിദ്യ, വിനോദം, വിജ്ഞാനം എന്നുവേണ്ട മനുഷ്യസമൂഹം നാളിതുവരെ കൈവരിച്ച നേട്ടങ്ങളും വരും നാളുകളിൽ കൈവരിക്കാനിരിക്കുന്ന സ്വപ്നങ്ങളും പങ്കുവെയ്ക്കുന്ന മഹത്തായ ഇടം. 192 രാജ്യങ്ങളിൽ നിന്നുള്ള 200-ലേറെ പവലിയനുകളാണ് മേളയുടെ ഭാഗമാകുന്നത്. നിത്യേന 60-ലേറെ പ്രദർശനങ്ങൾ അരങ്ങേറും. 200-ൽപ്പരം റസ്റ്റോറൻ്റുകളാണ് പ്രദർശനത്തിനെത്തുന്നവരെ കാത്തിരിക്കുന്നത്.

2020 ഒക്ടോബറിൽ തുടക്കമിട്ട് കഴിഞ്ഞ ഏപ്രിൽ വരെ നടക്കേണ്ടിയിരുന്ന മേള കോവിഡ് പ്രതിസന്ധി മൂലമാണ് ഈ വർഷം ഒക്ടോബറിലേക്ക് നീട്ടിവെച്ചത്. പുതുക്കിയ തീയതി പ്രകാരം ഒക്ടോബർ 1-ന് ആരംഭിക്കുന്ന മഹാമേള അടുത്ത വർഷം മാർച്ച് 31-നാണ് സമാപിക്കുക.

ലോക പ്രശസ്തമായ ദുബൈ എക്സ്പോയിലെ ആകർഷകമായ ഇന്ത്യൻ പവലിയൻ ഇത്തവണ ആഗോള ശ്രദ്ധ പിടിച്ചുപറ്റും.

നാല് നിലകളിലായി വ്യാപിച്ചു കിടക്കുന്ന മനോഹരമായ കെട്ടിട സമുച്ചയത്തിലാണ് ഇന്ത്യൻ പവലിയൻ സജ്ജീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ മഹത്തായ സംസ്കാരവും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന പ്രദർശനത്തിൽ രാജ്യം ഇന്നേവരെ കൈവരിച്ച നേട്ടങ്ങളും ഭാവി സാധ്യതകളും ഇടം പിടിക്കും.

അറുന്നൂറോളം ബ്ലോക്കുകൾ അടുക്കിവെച്ച നിലയിൽ സജ്ജീകരിച്ച പവലിയൻ്റെ മുഖപ്പ് ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റുന്ന വിധത്തിലാണ്. 'ഇന്ത്യ ഓൺ ദി മൂവ് ' എന്ന പ്രമേയം അർഥപൂർണമാക്കുന്ന വിധത്തിൽ മൂവിങ്ങ് ബ്ലോക്കുകളാണ് ഇവയെല്ലാം. വ്യത്യസ്തങ്ങളായ ചലനങ്ങൾക്കനുസരിച്ച് ആകർഷകമായ അനേകം പാറ്റേണുകൾ ഇവയിൽ രൂപം കൊള്ളും. സ്വാതന്ത്ര്യ ലബ്ധിയുടെ 75 വർഷത്തെ സംഭവ വികാസങ്ങളെ വിളിച്ചോതുന്ന വിധത്തിൽ 75 സ്റ്റോറികളാണ് ഈ ചലന ചിത്രങ്ങളിൽ തെളിഞ്ഞു വരുന്നത്.

26 ആഴ്ചകൾ നീണ്ടു നില്ക്കുന്നതാണ് പ്രദർശനം. പകൽ നേരത്തെ പ്രദർശനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ് രാത്രികളിൽ അരങ്ങേറുക. ഓപ്പൺ എയർ തിയറ്ററുകളും റസ്റ്റൊറൻ്റുകളും സുവനീർ ഷോപ്പുകളും അടങ്ങുന്ന ഓപ്പൺ പ്ലാസയിൽ ഉല്ലാസത്തിനും വിനോദത്തിനുമുള്ള അനവധി അവസരങ്ങളുണ്ട്.

11 തീമുകളിലുള്ള വൈവിധ്യപൂർണമായ പ്രദർശനങ്ങളാണ് പവലിയൻ കാഴ്ചവെയ്ക്കുന്നത്. സ്പേസ്, അർബൻ & റൂറൽ ഡവലപ്മെൻ്റ്, ഗോൾഡൻ ജൂബിലി, ട്രാവൽ & കണക്റ്റിവിറ്റി, ഹെൽത്ത് & വെൽനസ്, വാട്ടർ, ക്ലൈമറ്റ് & ബയോ ഡൈവേഴ്സിറ്റി, ടോളറൻസ് & ഇൻക്ലുസിവിറ്റി, നോളജ് & ലേണിങ്ങ്, ഗ്ലോബൽ ഗോൾസ്, ഫുഡ്, അഗ്രികൾച്ചർ & ലൈവ് ലിഹുഡ്സ് എന്നിങ്ങനെ സമസ്ത മേഖലകളെയും പ്രതിഫലിപ്പിക്കുന്ന പ്രമേയങ്ങളാണ് മേളയുടെ ഭാഗമാകുന്നത്.

പവലിയൻ്റെ ഉള്ളിലേക്ക് കാലെടുത്തു വെയ്ക്കുന്നതു തന്നെ സ്പേസ് എന്ന തീമിൻ്റെ ഗംഭീരമായ സാന്നിധ്യം അനുഭവിച്ചറിഞ്ഞു കൊണ്ടാണ്. നക്ഷത്രങ്ങൾ പുഞ്ചിരിച്ചു നില്ക്കുന്ന ആകാശക്കാഴ്ചകൾക്കിടയിൽ ബഹിരാകാശ മേഖലയിൽ രാജ്യം കൈവരിച്ച വളർച്ചയും വികാസവും കണ്ടറിയാം. 'മിഷൻ മംഗൾയാൻ' ദൗത്യത്തിൻ്റെ വിജയം വിളിച്ചോതുന്ന

'ഓറഞ്ച് ഗ്ലോബ് ' , ഐ എസ് ആർ ഒ എന്ന മഹത്തായ സ്ഥാപനത്തിൻ്റെ വളർച്ചയിലെ നാഴികക്കല്ലുകൾ പ്രദർശിപ്പിക്കുന്ന 'ജയൻ്റ് ഗ്ലോബ് ' എന്നിവ പ്രദർശനത്തിൻ്റെ ഭാഗമാണ്. മാൻഡ് മിഷൻ മൂണും ഗഗൻയാനുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വെർച്വൽ റിയാലിറ്റി ഷോയുടെ ഭാഗമായാൽ ഒരു ബഹിരാകാശ സഞ്ചാരിയെപ്പോലെ സ്പേസിൻ്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം അനുഭവിച്ചു തന്നെ അറിയാം.

യോഗയും ആയുർവേദവും മേളയിൽ വലിയ തോതിൽ തന്നെ പ്രൊമോട്ട് ചെയ്യപ്പെടുന്നുണ്ട്.

ഒന്നാം നിലയിൽ കാണികളെ കാത്തിരിക്കുന്നത് കളേഴ്സ് ഓഫ് ഇന്ത്യ പ്രദർശനമാണ്. രാജ്യത്തിൻ്റെ മനോഹരമായ ഭൂപ്രകൃതിയും കലാരൂപങ്ങളും ആകർഷണീയമായ തുണിത്തരങ്ങളും ആർട്സും സ്പോർട്സും ഇവിടെ പ്രദർശിപ്പിക്കുന്നു. മനം മയക്കുന്ന ദൃശ്യങ്ങളും കമനീയമായ ഇൻസ്റ്റലേഷനുകളും ഒരുക്കിയിട്ടുണ്ട്.

ആധുനിക ഇന്ത്യയുടെ അനന്ത സാധ്യതകളാണ് രണ്ടാം നിലയിൽ അനാവരണം ചെയ്യപ്പെടുന്നത്. നൂറ്റിമുപ്പത് കോടിയിലേറെ ജനസംഖ്യയുള്ള മഹാരാജ്യം ലോകത്തിന് മുന്നിൽ കാഴ്ചവെയ്ക്കുന്ന അവസരങ്ങളുടെ അനന്ത സാധ്യതകൾ... ലോക വ്യാപാരത്തിൻ്റെ ഹബ്ബായി ഭാരതത്തെ അവതരിപ്പിക്കുന്ന ഗംഭീര ആശയങ്ങൾ... ഇവിടത്തെ ഹെമിസ്ഫിയർ എൽ ഇ ഡി 75 വർഷത്തെ ഇന്ത്യയുടെ വളർച്ചയുടെ കഥ പറയും. നൂതനമായ സ്മാർട്ട് ഇൻസ്റ്റലേഷൻ, സ്മാർട്ട് സിറ്റി പ്രോജക്റ്റുകളെപ്പറ്റി വിശദീകരിക്കും. ഫാർമ, ഡയമണ്ട്, സ്റ്റാർട്ടപ്പ്, ഫുഡ് പ്രൊസസിങ്ങ് മേഖലകളിലേക്ക് ലോകത്തെ വമ്പൻ നിക്ഷേപകരെ ആകർഷിക്കുകയാണ് ലക്ഷ്യം. സിൽക്ക് റൂട്ട് ഇൻസ്റ്റലേഷൻ ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നു. യു എ ഇ യുമായുള്ള സുദൃഢമായ ബന്ധത്തിൻ്റെ സവിശേഷമായ പ്രദർശനം ഏറെ ശ്രദ്ധയാകർഷിക്കും.

മൂന്നാംനില കരുതി വെയ്ക്കുന്നത് പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളേയും പ്രഗത്ഭ ബിസ്നസ് സ്ഥാപനങ്ങളെയുമാണ്.

അത്യാധുനിക സൗകര്യങ്ങളുള്ള തിയേറ്റർ ഹോളിൽ മീറ്റിങ്ങുകളും സാംസ്കാരിക പരിപാടികളും അരങ്ങേറും. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയതും സമകാലീന മുഖം വെളിവാക്കുന്നതുമായ നിരവധി സിനിമകൾ ഇവിടെ പ്രദർശിപ്പിക്കും.

183 ദിവസം നീണ്ടു നില്ക്കുന്നതാണ് ദുബൈ എക്സ്പോ. ഓരോ ദിനവും അവിസ്മരണീയമാക്കും വിധത്തിൽ പ്രദർശനങ്ങളുടെ പരമ്പരതന്നെ മേള ഒരുക്കുന്നുണ്ട്.

ഭക്ഷ്യമേളകൾ, വ്യവസായ പ്രമുഖരും സ്റ്റാർട്ടപ്പ് സംരംഭകരും തമ്മിലുള്ള കൂടിക്കാഴ്ചകൾ, പോസ്റ്റ് പാൻഡമിക് ലോകത്തെ കുറിച്ചുള്ള ഗൗരവപൂർണമായ സംവാദങ്ങൾ, 140-ഓളം സെലിബ്രിറ്റികളുമായുള്ള സംവാദങ്ങൾ...വനിതാ എഴുത്തുകാർ, അഭിനേതാക്കൾ, ചലച്ചിത്ര സംവിധായകർ, ശാസ്ത്രജ്ഞർ തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങളുടെ സംഗമ വേദിയായി മേള മാറും.

സ്റ്റാർട്ടപ്പുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ ഏജൻസികൾ, നയരൂപവത്കരണ രംഗത്തെ വിദഗ്ധർ, എൻ ജി ഒ കൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇന്ത്യൻ പവലിയൻ്റെ പ്രവർത്തനം.

ഓപ്പൺനെസ്, ഓപ്പർച്ചുനിറ്റി, ഗ്രോത്ത്...അഥവാ സുതാര്യത, അവസരം, വളർച്ച എന്നീ മൂന്ന് മഹത്തായ ആശയങ്ങളാണ് എക്സ്പോയിലൂടെ ഇന്ത്യ ലോകത്തിനു മുന്നിൽവെയ്ക്കുന്നത്.

Related Posts