ഒമിക്രോൺ കൊവിഡിൻ്റെ അന്ത്യം കുറിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ യൂറോപ്യൻ ഡയറക്റ്റർ
ഒമിക്രോൺ വകഭേദം കൊവിഡ് മഹാമാരിയുടെ അന്ത്യം കുറിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്റ്റർ. മഹാമാരി (പാൻഡമിക്) എന്ന നിലവിലെ അവസ്ഥയിൽ നിന്ന് ഫ്ലൂ പോലെ പതിവായി ജനങ്ങളെ ബാധിക്കുന്ന ഒരു സാധാരണ അസുഖം (എൻഡമിക്) എന്ന നിലയിലേക്ക് ഒമിക്രോൺ കൊവിഡിനെ മാറ്റുമെന്ന ശുഭപ്രതീക്ഷയാണ് തനിക്കുള്ളതെന്ന് വാർത്താ ഏജൻസി എ എഫ് പി ക്ക് അനുവദിച്ച അഭിമുഖത്തിൽ ഹാൻസ് ക്ലൂഗ് പറഞ്ഞു.
വരുന്ന മാർച്ചോടെ 60 ശതമാനം യൂറോപ്യൻ ജനതയെയും കൊവിഡ് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലാകെ രോഗം പടർന്ന് പിടിക്കുന്ന ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. എന്നാൽ വ്യാപനം പീക്കിലെത്തുന്നതോടെ കൊവിഡിനെതിരെ ഗ്ലോബൽ ഇമ്മ്യൂണിറ്റി സാധ്യമാവാനുള്ള പ്രവണതയാണ് കാണുന്നത്. തുടർന്നുള്ള കൊവിഡിൻ്റെ വരവ് ഒരു പാൻഡമിക് ആയല്ല എൻഡമിക് ആയാണ് സംഭവിക്കുക.
നേരത്തേ അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആൻ്റണി ഫൗസിയും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു. അമേരിക്കയുടെ ചില ഭാഗങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറയുകയാണെന്നും കാര്യങ്ങൾ നല്ല നിലയിൽ ആയിത്തീരുന്നതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈറസിൻ്റെ കാര്യത്തിൽ അന്തിമമായ അഭിപ്രായമല്ല പ്രകടിപ്പിക്കുന്നത് എന്ന് ഇരുവരും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.