കരളിനെ സംരക്ഷിക്കാം: ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം

രോഗം കണ്ടെത്തി വേഗത്തിൽ ചികിത്സ ഉറപ്പാക്കുകയെന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിനെ ബാധിക്കുന്ന മാരകരോഗങ്ങള്‍ക്ക് കാരണക്കാരനായ വൈറസാണ് ഹെപ്പറ്റൈറ്റിസ്.

ഹെപ്പറ്റൈറ്റിസ് വൈറസ് നിസ്സാരക്കാരനല്ല. എ, ബി, സി, ഇ എന്നിങ്ങനെ 4 തരം ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്. എ, ഇ വിഭാഗങ്ങളിൽ കാണുന്നത് മഞ്ഞപ്പിത്തമാണ്. എന്നാൽ ബി, സി വിഭാഗത്തിലുള്ള വൈറസുകളെ പേടിക്കണം. കരളിനെ ബാധിക്കുന്ന വൈറല്‍ അണുബാധയില്‍ ഏറ്റവും മാരകമാണ് ഇവ.

ഒരു പ്രത്യേകതരം പരിശോധനയിലൂടെ മാത്രമേ ഹെപ്പറ്റൈറ്റിസ്‌ ബി വൈറസിനെ കണ്ടുപിടിക്കാനാകൂ. കരളിന്റെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന്‌ അറിയാനായി സാധാരണ നടത്തുന്ന പരിശോധനകളുടെ റിസൽട്ടുപോലും ഇവരിൽ നോർമലായിരിക്കാം. അതുകൊണ്ട്‌ എച്ച്‌ബിവിയെ നിശബ്ദ കൊലയാളി എന്നും വിളിക്കാം. പലരും രോഗബാധയുള്ള വിവരം തിരിച്ചറിയാത്തവരാണ് എന്നതാണ് വസ്തുത. ഇവരെ കണ്ടെത്തി വേഗത്തിൽ ചികിത്സ ഉറപ്പാക്കുകയെന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

രക്തത്തിൽനിന്ന്‌ വിഷപദാർഥങ്ങൾ അരിച്ചുമാറ്റുന്നത്‌ ഉൾപ്പെടെ 500-ലധികം സുപ്രധാന ധർമങ്ങൾ നിർവഹിക്കുന്ന ഒരു അവയവമാണ്‌ കരൾ. അതുകൊണ്ടുതന്നെ കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ്‌ എന്ന രോഗം ഒരു വ്യക്തിയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. അമിത മദ്യപാനവും വിഷവസ്‌തുക്കളുമായുള്ള സമ്പർക്കവും ഹെപ്പറ്റൈറ്റിസിന്‌ ഇടയാക്കിയേക്കാമെങ്കിലും ഒട്ടുമിക്കപ്പോഴും വൈറസുകളാണ്‌ രോഗത്തിന്റെ പ്രധാന കാരണക്കാർ. രോഗകാരികളായ അഞ്ചു വൈറസുകളെ ശാസ്‌ത്രജ്ഞർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. ചുരുങ്ങിയത്‌ മൂന്നു വൈറസുകളെയെങ്കിലും ഇനിയും തിരിച്ചറിയാനുണ്ടെന്ന്‌ അവർ കരുതുന്നു.

രോഗബാധയുണ്ടായി വർഷങ്ങൾ കഴിഞ്ഞായിരിക്കാം ലക്ഷണങ്ങൾ പ്രകടമാകുന്നത്‌. എന്നാൽ അപ്പോഴേക്കും രോഗം പഴകി സിറോസിസോ, കരൾ കാൻസറോ ആയി മാറാൻ സാധ്യതയുണ്ട്‌.

സ്‌ക്രീനിങ് ടെസ്റ്റ് നടത്തി കൃത്യസമയത്ത് ചികിത്സ നടത്തിയാല്‍ ഭേദമാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്. എന്നാല്‍ ചികിത്സ രീതികളെ കുറിച്ചു അറിവിലാത്തതാണ് രോഗം വര്‍ധിക്കാനുള്ള പ്രധാനകാരണം. നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ വഴി കുഞ്ഞുങ്ങള്‍ക്കും വാക്‌സിന്‍ എടുക്കുന്നുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി യ്‌ക്ക് ഫലപ്രദമായ വാക്‌സിനും ഹെപ്പറ്റൈറ്റിസ് സിയ്‌ക്ക് ഫലപ്രദമായ ഗുളികകളും ലഭ്യമാണ്. 2030 ഓടെ ഹെപ്പറ്റൈറ്റിസിനെ ലോകത്തുനിന്നും തുടച്ചു നീക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം.

ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടുപിടിച്ച ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനായ സാമുവല്‍ ബ്ലംബര്‍ഗിന്റെ ജന്മദിനമാണ് ജൂലൈ 28ന് ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്.

Related Posts