ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ലോകനേതാക്കൾ ദില്ലിയിലേക്ക്

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ ഇന്ന് ഇന്ത്യയില്‍ എത്തും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരാണ് ഇന്ന് എത്തുന്നത്.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് തിനുബു ഡല്‍ഹിയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ഷി ജിന്‍പിങും വ്‌ളാഡിമിര്‍ പുടിനും വിട്ടുനില്‍ക്കുകയാണ്. ഷി ജിന്‍പിങും വ്‌ളാഡിമിര്‍ പുടിനും പ്രതിനിധികളെ അയക്കുമെന്നാണു സര്‍ക്കാര്‍ പറയുന്നത്. ഉച്ചകോടി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ പൊതു അവധിയാണ്.
ഉച്ചകോടിയുടെ ഭാഗമായ സംയുക്ത പ്രഖ്യാപനത്തിലെ ചില സാമ്പത്തിക നിര്‍ദ്ദേശങ്ങളെ ചൈന എതിര്‍ക്കുന്നുവെന്നാണ് സൂചന. ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യക്ക് എല്ലാ സഹകരണവും നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് വ്യക്തമാക്കി. ജി20 ഉച്ചകോടിയിലെ സംയുക്തപ്രഖ്യാനത്തെ ചൊല്ലിയുള്ള തര്‍ക്കം നേരത്തെ അമേരിക്ക സ്ഥിരീകരിച്ചിരുന്നു. യുക്രെയിന്‍ വിഷയത്തില്‍ സമവായം ഇല്ലെന്നാണ് അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സള്ളിവന്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ വിഷയങ്ങളില്‍ സമവായമുണ്ടായില്ലെങ്കില്‍ കാലാവസ്ഥ വ്യതിയാനം, സ്ത്രീ ശാക്തീകരണം, ജൈവ ഇന്ധന ഉപയോഗം തുടങ്ങിയ വിഷയങ്ങളിലെ ധാരണകളില്‍ ഉച്ചകോടിയിലെ ചര്‍ച്ചകള്‍ അവസാനിക്കാനാണ് സാധ്യത. ആസിയാന്‍ -ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്‍ഡോനേഷ്യയിലാണുള്ളത്. ഇരുപതാമത് ആസിയാന്‍ യോഗമാണ് ചേരുന്നത്. ഇന്ന് തന്നെ നടക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും മോദി പങ്കെടുക്കും. ലോക നേതാക്കളെ വരവേല്‍ക്കേണ്ടതിനാല്‍ പ്രധാനമന്ത്രി മോദി ഇന്ന് വൈകിട്ട് തന്നെ ഇന്ത്യയിലേക്ക് തിരിക്കും.