ലോക മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു

തൃശൂർ : സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു. തൃശൂര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ മുഖ്യാതിഥിയായി. ഭാഷയെ അതിന്റെ എല്ലാ തനിമയോടെയും അടുത്ത തലമുറയ്ക്ക് കൈമാറാന്‍ ഇത്തരം ദിനാചരണങ്ങള്‍ സഹായിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മനുഷ്യന്റെ സാധാരണ വിചാര വികാരങ്ങള്‍ ഏറ്റവും ശക്തമായി പ്രകടിപ്പിക്കാനാകുന്നത് മാത്യഭാഷയിലൂടെയാണ്. പരമാവധി നമ്മുടെ ഭാഷ ഉപയോഗിക്കുക എന്നതാണ് പ്രധാനം. മാത്രമല്ല ഇത്തരം ദിനാചരണങ്ങളുടെ പ്രസക്തി ഒരു ദിവസം മാത്രമായി ഒതുങ്ങരുതെന്നും കലക്ടര്‍ കൂട്ടിചേര്‍ത്തു. മാതൃഭാഷയുടെ പ്രാധാന്യവും ഭാഷയിലെ തനത് ശൈലിയും പ്രയോഗങ്ങളും സംബന്ധിച്ച് ഹുസൂര്‍ ശിരസ്‌തേദാര്‍ പ്രാണ്‍ സിങ്ങ് വിഷയാവതരണം നടത്തി. തൃശൂര്‍ ജില്ലാ ഓഫീസിലെയും തൃശൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെയും ജീവനക്കാര്‍ നേരിട്ടും മറ്റ് താലൂക്കുകളിലെ ജീവനക്കാര്‍ ഓണ്‍ലൈനായും പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ ഓഫീസര്‍ യു മഹേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഷോജന്‍ എ പി, റിസര്‍ച്ച് ഓഫീസര്‍മാരായ രതീഷ് പി എന്‍, മിനിമോള്‍ എന്‍ ആര്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts