പ്രകൃതിയെ മറക്കാതിരിക്കാൻ വീണ്ടും ഒരു പ്രകൃതി സംരക്ഷണ ദിനം

ഭൂമിയുടെ നിലനില്‍പിനായി അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നത്.

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം, പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധ്യാന്യവും അറിയിച്ച് വീണ്ടും ഒരു പ്രകൃതി സംരക്ഷണ ദിനം കൂടി. അനുദിനം നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ വന സമ്പത്തിനെ കുറിച്ച്‌ ഓര്‍ക്കുവാനും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുവാനും പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശവും നൽകുവാനാണ് ഈ ദിനം ആചരിക്കുന്നത്. നിലവിലുള്ള വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വിവിധ പരിപാടികള്‍ക്ക് വര്‍ഷം തോറും ഈ ദിനത്തില്‍ തുടക്കം കുറിക്കാറുണ്ട്. പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ആഗോളതലത്തില്‍ രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ജൂലൈ 28 ന് പ്രകൃതിസംരക്ഷണദിനം ആചരിക്കുന്നത്.

ലോകം ഇന്ന് വെള്ളത്തിനും വെളിച്ചത്തിനും പച്ചപ്പിനും ശുദ്ധവായുവിനും വേണ്ടി പോർവിളി കൂട്ടുന്നു. ആരോഗ്യകരമായ പരിസ്ഥിതിക്ക്‌ മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയൂ. പ്രകൃതി സംരക്ഷണത്തിനു വേണ്ടി നമ്മുടെ സമയത്തിന്റെ പകുതി നീക്കി വച്ചാൽ വരും തലമുറയ്ക്ക് ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും.

ഈ തലമുറയ്ക്ക് മാത്രമല്ല വരും തലമുറയുടെ നിലനില്‍പ്പിന് കൂടി പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. പ്രകൃതി ചൂഷണം നാം നമുക്ക് തന്നെ കുഴി കുഴിക്കുന്നതിന് സമം.

കേരളം എന്ന് കേൾക്കുമ്പോൾ മനസ്സിൽ തെളിയുന്നത് പച്ചപ്പാണ്. എന്നാൽ ഇന്ന് അത് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയോട് അടുക്കുക, കൈവിടാതെ കാത്തുസൂക്ഷിക്കുക. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതിയെ നമുക്ക് തിരിച്ചു പിടിക്കാം.

Related Posts