ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിതാ ഹോക്കി താരം; റേക്കോർഡുമായി 82 കാരി
ലോർട്ടൻ : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ഹോക്കി താരമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി 82 കാരി. ലോർട്ടനിലെ ലിൻഡ സിൻറോഡാണ് ഈ ബഹുമതിക്ക് അർഹയായത്. 35-ാം വയസ്സിലാണ് ലിൻഡ ഹോക്കിയിൽ ആകൃഷ്ടയാകുന്നത്. തുടക്കത്തിൽ, വിനോദ അവസരങ്ങളിൽ സുഹൃത്തുക്കളോടൊപ്പം കളിക്കാനുള്ള ഒരു കായിക ഇനമായി മാത്രമാണ് അവർ ഹോക്കിയെ കണ്ടിരുന്നത്. എന്നാൽ പിന്നീട്, ഹോക്കിയുമായി കൂടുതൽ അടുത്തതോടെ, ലിൻഡ ഗെയിമിനെ കൂടുതൽ ഗൗരവമായി എടുക്കാൻ തുടങ്ങി. അങ്ങനെ അവർ വാഷിംഗ്ടൺ ഡി.സി. ഏരിയയിലെ ആദ്യത്തെ വനിതാ ഹോക്കി ടീമിന്‍റെ സ്ഥാപക അംഗമായി. തുടർന്ന് 10 വർഷത്തോളം ടീമിൽ സജീവമായി കളിച്ചു. പിന്നീട് ടീം വിട്ടെങ്കിലും ടീമംഗങ്ങളുമായുള്ള ബന്ധം തുടർന്നു. പിന്നീട് 67-ാം വയസ്സിൽ പ്രിൻസ് വില്യം വൈൽഡ്കാറ്റ്സ് ടീമിന്‍റെ ഭാഗമാകുകയും ഗെയിമിൽ വീണ്ടും സജീവമാവുകയും ചെയ്തു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം കളിക്കാർ ലിൻഡയോട് ടീം വിടാൻ ആവശ്യപ്പെട്ടു. പ്രായത്തിന്‍റെ ബുദ്ധിമുട്ടുകൾ ആരംഭിച്ചതിനാൽ ലിൻഡയുമായി സഹകരിക്കാൻ ബുദ്ധിമുട്ടായിരുന്നു എന്നതാണ് കാരണം. 75-ാം വയസ്സിൽ വൈൽഡ്കാറ്റ്സ് ടീമിൽ നിന്നും അവർ വിരമിച്ചു.