ആഗോള സൂര്യനമസ്കാരം; 10 ദശലക്ഷം ആളുകൾ പങ്കെടുക്കും
മകര സംക്രാന്തി ദിനമായ ഇന്ന് ആയുഷ് മന്ത്രാലയം ആദ്യമായി സംഘടിപ്പിക്കുന്ന ആഗോള സൂര്യനമസ്‌കാര പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഏകദേശം 10 ദശലക്ഷം ആളുകൾ. ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേക്കുള്ള സൂര്യൻ്റെ സഞ്ചാരം കുറിക്കുന്ന ദിവസമാണ് മകര സംക്രാന്തിയായി രാജ്യമെമ്പാടും ആഘോഷിക്കുന്നത്.
ആഗോള സൂര്യനമസ്കാരത്തിന് വിദേശങ്ങളിൽ നിന്നുൾപ്പെടെ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ കണക്കു കൂട്ടുന്നത്. ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ ജനങ്ങളെ അഭിസംബോധന ചെയ്ത് സൂര്യനമസ്‌കാരത്തെക്കുറിച്ചുള്ള സന്ദേശം നൽകും.
കൊവിഡ് പോലുള്ള മഹാമാരികളുടെ കാലത്ത് സൂര്യനമസ്കാരത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ശാസ്ത്രീയതയിൽ അധിഷ്ഠിതമായ വ്യായാമ മുറയാണ് സൂര്യനമസ്കാരം. അത് ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. മാനസികവും ആത്മീയവുമായ ഉണർവ് പകരും.